ADVERTISEMENT

കോട്ടയം ∙ എംജി സർവകലാശാല ഈ വർഷവും പ്രൈവറ്റ് റജിസ്ട്രേഷൻ കോഴ്സുകൾ നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം നടത്തിയ എല്ലാ കോഴ്സുകളും തുടരാനാണു സിൻഡിക്കറ്റ് തീരുമാനം. പ്രൈവറ്റ് റജിസ്ട്രേഷൻ നടത്താൻ ഈ അധ്യയന വർഷം തീരുമാനമെടുത്ത കേരളത്തിലെ ആദ്യ സർവകലാശാലയാണ് എംജി.

വിദൂര വിദ്യാഭ്യാസ കോഴ്സുകളും പ്രൈവറ്റ് റജിസ്ട്രേഷനും കേരളത്തിൽ നടത്താൻ നിയമതടസ്സം മൂലം സാധിക്കുന്നില്ലെന്ന പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണു ചില സാങ്കേതികപ്പഴുതുകൾ ഉപയോഗിച്ചു കോഴ്സ് നടത്താൻ എംജി തീരുമാനിച്ചിരിക്കുന്നത്. 

കണ്ണൂർ, കേരള സർവകലാശാലകളും പ്രൈവറ്റ് റജിസ്ട്രേഷൻ കോഴ്സുകൾ നടത്താൻ നീക്കം നടത്തുന്നുണ്ട്. ഏറ്റവും കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസം നടത്താമെന്നതാണു പ്രൈവറ്റ് റജിസ്ട്രേഷന്റെ മെച്ചം. ഇത്തവണ മൂന്നുവർഷ ബിരുദ കോഴ്സുകളും രണ്ടുവർഷ ബിരുദാനന്തരബിരുദ കോഴ്സുകളുമാണ് എംജി പ്രൈവറ്റ് റജിസ്ട്രേഷനായി നടത്തുന്നത്. പ്രൈവറ്റ് റജിസ്ട്രേഷൻ കോഴ്സുകൾ നടത്തുന്നതിൽ എംജിയുടെ നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ല എന്നതും യുജിസി ഇത്തരത്തിൽ നിർദേശങ്ങൾ നൽകിയിട്ടില്ല എന്നതും പഴുതുകളായി കണ്ടാണു കോഴ്സ് തുടരാൻ തീരുമാനിച്ചത്.

2019ൽ കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല തുടങ്ങിയപ്പോഴാണു വിദൂരവിദ്യാഭ്യാസ വിഭാഗവും പ്രൈവറ്റ് റജിസ്ട്രേഷനും മറ്റൊരു സർവകലാശാലയിലും ഇനി ഉണ്ടാകില്ലെന്ന നിയമം വന്നത്. ഇതിനെതിരെ 2020ൽ വിദ്യാർഥികൾ ഉൾപ്പെടെ ഹൈക്കോടതിയെ സമീപിച്ചു. ശ്രീനാരായണഗുരു സർവകലാശാലയിലെ കോഴ്സുകൾ യുജിസി അംഗീകരിക്കാത്ത സാഹചര്യത്തിൽ കോഴ്സുകൾ തുടരാൻ മറ്റു സർവകലാശാലകളെ അനുവദിക്കാൻ സർക്കാരിനോടു കോടതി നിർദേശിക്കുകയായിരുന്നു.

English Summary:

MG University to continue private registration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com