വന്ദനയുടെ ആഗ്രഹം സഫലമാകുന്നു; വിവാഹത്തിന് കരുതി വച്ച പണം കൊണ്ട് തൃക്കുന്നപ്പുഴയിൽ ക്ലിനിക്
Mail This Article
ആലപ്പുഴ∙ സാധാരണക്കാരെ ചികിത്സിക്കാൻ തൃക്കുന്നപ്പുഴയിൽ ഒരു ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആഗ്രഹം വന്ദന മരിച്ച് ഒരു വർഷത്തിനു ശേഷം സഫലമാകുന്നു. അതിനായി ഉപയോഗിക്കുന്നത് ഡോ. വന്ദനയുടെ വിവാഹച്ചെലവുകൾക്കായി മാതാപിതാക്കൾ കരുതി വച്ച പണവും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരിക്കെ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ പേരിൽ മാതാപിതാക്കളായ കെ.ജി.മോഹൻദാസും ടി.വസന്തകുമാരിയും ചേർന്നാണു ക്ലിനിക് നിർമിക്കുന്നത്. തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്കു കുടുംബ ഓഹരി ലഭിച്ച സ്ഥലത്താണു ക്ലിനിക് നിർമിക്കുന്നത്. ‘ഡോ. വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്’ എന്ന പേരിലാകും ക്ലിനിക് പ്രവർത്തിക്കുക.
ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ വീടായ തൃക്കുന്നപ്പുഴയിലേക്കു പോകാൻ ഡോ. വന്ദനയ്ക്കു താൽപര്യമുണ്ടായിരുന്നെന്ന് അമ്മ വസന്തകുമാരി പറഞ്ഞു. പുഴയരികിൽ ഇരുന്നു ചൂണ്ടയിട്ടു മീൻ പിടിക്കാനുമൊക്കെ ഏറെ താൽപര്യമായിരുന്നു. ഇവിടെ സാധാരണക്കാരാണെന്നും അവരെ ചികിത്സിക്കാൻ ഒരു ക്ലിനിക് പണിയണമെന്നും ഡോ. വന്ദന മാതാപിതാക്കളോട് ആഗ്രഹം പറഞ്ഞിരുന്നു. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സൗജന്യ സേവനം നടത്താനായിരുന്നു ഉദ്ദേശം. എന്നാൽ അതിനൊന്നും അവസരം നൽകാതെ മകൾ കൊല്ലപ്പെട്ടു. അവളെ നാളെയും ഓർമിക്കാനായി, മകളുടെ ആഗ്രഹ പ്രകാരം ക്ലിനിക് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും വസന്തകുമാരി പറഞ്ഞു.
ചിങ്ങ മാസത്തിൽ ക്ലിനിക് ഉദ്ഘാടനം ചെയ്യാനാണു ശ്രമം. കെട്ടിടത്തിന്റെ നിർമാണം 70% പൂർത്തിയായി. മുൻപുണ്ടായിരുന്ന കെട്ടിടം പുതുക്കി നിർമിച്ചാണു ക്ലിനിക് നിർമിക്കുന്നത്. ക്ലിനിക്കിന്റെ റജിസ്ട്രേഷനും ലൈസൻസും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ട്.
2023 മേയ് 10നു പുലർച്ചെ 4.50നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി സന്ദീപ് ഹൗസ് സർജൻ ഡോ. വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തുകയും പൊലീസുകാർ ഉൾപ്പെടെ 5 പേരെ കുത്തിപ്പരുക്കേൽപിക്കുകയും ചെയ്യുകയായിരുന്നു.