കരുവന്നൂർ ബാങ്ക്: ഇ.ഡി പിടിച്ചെടുത്ത ഫയലുകൾ കൈമാറും; അന്വേഷണം പുനരാരംഭിക്കാൻ ക്രൈംബ്രാഞ്ച്
Mail This Article
തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ഇ.ഡി പിടിച്ചെടുത്ത 98 ഫയലുകൾ തിരികെ ലഭിക്കുന്ന സാഹചര്യത്തിൽ അന്വേഷണം പുനരാരംഭിക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. രണ്ടു വർഷത്തോളമായി അന്വേഷണം തടസ്സപ്പെട്ടു കിടക്കുന്നതിനാൽ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനു കഴിഞ്ഞിരുന്നില്ല. ഫയലുകൾ തിരികെ ലഭിച്ചാലുടൻ അന്വേഷണ സംഘം വീണ്ടും സജീവമാകും. വ്യാജ വായ്പകളുടെ രേഖകൾ ഫൊറൻസിക് ലാബിലേക്കു പരിശോധനയ്ക്കയയ്ക്കും.
പ്രതികളുടെയും വാദികളുടെയും ഒപ്പുകളടക്കം ശേഖരിക്കുന്ന ജോലികൾ പൂർത്തിയായാൽ കുറ്റപത്രം തയാറാകും. 2022 ഓഗസ്റ്റിൽ കരുവന്നൂർ ബാങ്കിൽ ഇ.ഡി നടത്തിയ റെയ്ഡിലാണു 98 രേഖകൾ പിടിച്ചെടുത്തത്. ഇ.ഡി അന്വേഷിക്കുന്നതു കള്ളപ്പണക്കേസ് ആണെന്നും പിടിച്ചെടുത്ത രേഖകൾക്ക് ഇതുമായി ബന്ധമില്ലെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. ഈ ആവശ്യം ഉന്നയിച്ചാണു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
വ്യാജരേഖകൾ ചമച്ചു ബാങ്കിൽ നടത്തിയ വായ്പാത്തട്ടിപ്പുകളാണു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇ.ഡിയുടെ കൈവശമുള്ള രേഖകൾ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയാലേ വ്യാജരേഖകളും വ്യാജ ഒപ്പുകളും കണ്ടെത്താൻ കഴിയൂവെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. രേഖകൾ കൈമാറിയാലും ഇ.ഡിയുടെ അന്വേഷണത്തെ ബാധിക്കില്ലെന്നും ഇ.ഡി അന്വേഷണത്തിനു സമാന്തരമായല്ല തങ്ങളുടെ അന്വേഷണമെന്ന ക്രൈംബ്രാഞ്ചിന്റെ വാദവും കോടതി അംഗീകരിച്ചെന്നാണു സൂചന.
2 മാസത്തേക്കു രേഖകൾ കൈമാറാനുള്ള നിർദേശമാണു ഹൈക്കോടതി നൽകിയതെന്നും സൂചനയുണ്ട്. കോടതിയിൽ ഇ.ഡി ആദ്യം സമർപ്പിച്ച കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയ രേഖകളാണു ക്രൈംബ്രാഞ്ചിനു ലഭിക്കുക. രണ്ടാം കുറ്റപത്രത്തിനൊപ്പം സമർപ്പിക്കുന്ന രേഖകൾ അടുത്ത ഘട്ടത്തിൽ ലഭിക്കും. അതേസമയം, ബാങ്ക് തട്ടിപ്പിനു പിന്നിൽ നടന്ന ഗൂഢാലോചനകൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഉൾപ്പെട്ടില്ലെന്നതു വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു.