ആദിവാസികൾക്കുള്ള ഭക്ഷ്യക്കിറ്റിൽ 2018ൽ നിരോധിച്ച വെളിച്ചെണ്ണ
Mail This Article
തൊടുപുഴ ∙ സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിനു മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവർഗ വകുപ്പ് വിതരണം ചെയ്ത 13 ഇനങ്ങൾ അടങ്ങുന്ന ഭക്ഷ്യക്കിറ്റിൽ തട്ടിപ്പ്. ഗുണമേന്മയില്ലാത്ത സാധനങ്ങൾ ഉൾപ്പെട്ട കിറ്റ് ഉപയോഗിച്ചവർക്കു ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യക്കിറ്റിലുൾപ്പെട്ട ഒരു കിലോഗ്രാം വെളിച്ചെണ്ണ 2018ൽ നിരോധിച്ച ബ്രാൻഡിന്റേതാണ്. കവറിൽ കമ്പനിയുടേതായി കൊടുത്തിട്ടുള്ള മൊബൈൽ നമ്പറിൽ 9 അക്കങ്ങളേയുള്ളൂ. നമ്പർ വ്യാജമാണെന്നും ഗുണമേന്മാപരിശോധന നടത്താതെയാണ് കിറ്റ് വിതരണം നടത്തിയതെന്നും ഉപഭോക്താക്കൾ ആരോപിച്ചു. ഇടുക്കി ജില്ലയിലെ പട്ടയക്കുടിയിൽ വിതരണം ചെയ്ത കിറ്റിലാണ് ഈ വെളിച്ചെണ്ണയുള്ളത്.
കിറ്റുപയോഗിച്ച വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്ര, ഉടുമ്പന്നൂർ പഞ്ചായത്തിലെ വെണ്ണിയാനി, വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടി എന്നിവിടങ്ങളിൽ ഉള്ളവർക്കാണു ശാരീരിക അസ്വസ്ഥതയുണ്ടായത്. വെണ്ണിയാനിയിൽ ഇന്റഗ്രേറ്റഡ് ട്രൈബൽ ഡവലപ്മെന്റ് പ്രോജക്ടിന്റെ (ഐടിഡിപി) മൊബൈൽ മെഡിക്കൽ യൂണിറ്റ് ക്യാംപ് നടത്തി.
വെളിച്ചെണ്ണയിൽ നിന്നു ഭക്ഷ്യവിഷബാധയേറ്റന്നാണു സംശയം. ഇടുക്കി ജില്ലയിൽ നിന്ന് ആദിവാസി ഏകോപന സമിതിയും ഐടിഡിപിയും വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചു. ഫലം ലഭിച്ചിട്ടില്ല. കേരളത്തിലാകെ ഒരു ലക്ഷത്തോളം കിറ്റ് ചെയ്തെന്നാണു സൂചന.