45 വർഷം നീണ്ട പരിശീലന കരിയർ; ട്രാക്കിലെ ‘ദ്രോണർ’ പടിയിറങ്ങുന്നു
Mail This Article
കോട്ടയം ∙ ദ്രോണാചാര്യ കെ.പി.തോമസ് (81) ഔദ്യോഗികമായി പരിശീലനക്കുപ്പായം അഴിക്കുന്നു. 45 വർഷം നീണ്ട പരിശീലന കരിയറിൽ നിന്നാണു കായികതാരങ്ങളുടെ പ്രിയപ്പെട്ട തോമസ് മാഷ് വിരമിക്കുന്നത്. നാളെ തൊടുപുഴ സോക്കർ സ്കൂളിൽ വിരമിക്കൽ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന സ്കൂൾ കായികമേളയെ തോമസ് മാഷ് മേളകളാക്കി മാറ്റിയ കെ.പി.തോമസ് ഒളിംപ്യന്മാർ അടക്കം ഒട്ടേറെ രാജ്യാന്തര താരങ്ങളെ വാർത്തെടുത്തു. 1963 മുതൽ 79 വരെ സൈന്യത്തിൽ ഫിസിക്കൽ ട്രെയ്നറായിരുന്നു. 1979ൽ സ്വയം വിരമിച്ചു. പിന്നീടു കോരുത്തോട് സി.കേശവൻ സ്മാരക സ്കൂളിൽ കായികാധ്യാപകനായി.
ഒളിംപ്യന്മാരായ അഞ്ജു ബോബി ജോർജ്, ജിൻസി ഫിലിപ്പ്, ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടക്കാരായ ജോസഫ് ജി.ഏബ്രഹാം, സി.എസ്.മുരളീധരൻ, മോളി ചാക്കോ തുടങ്ങിയ പ്രതിഭകളെ കണ്ടെത്തിയതും വളർത്തിയതും മാഷായിരുന്നു. സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായ 16 വർഷം കോരുത്തോട് സ്കൂളിനെ ചാംപ്യന്മാരാക്കിയതു കെ.പി.തോമസിന്റെ മികവാണ്.
2005ൽ കോരുത്തോട് സ്കൂൾ വിട്ട കെ.പി.തോമസ് തുടർന്നുള്ള 10 വർഷം ഏന്തയാർ ജെ.ജെ.മർഫി സ്കൂളിൽ പരിശീലകനായി. തുടർന്നു സ്വന്തം പേരിലുള്ള അക്കാദമിയുമായി വണ്ണപ്പുറം എസ്‌എൻഎം സ്കൂളിൽ എത്തി. 2019ൽ അക്കാദമി പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂളിലേക്കു മാറ്റി. പൂഞ്ഞാർ സ്കൂളിൽ നിന്നാണു പരിശീലന കരിയർ അവസാനിപ്പിക്കുന്നത്. 2013ൽ രാജ്യം കായികപരിശീലകനുള്ള പരമോന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ചു.