ADVERTISEMENT

വിഴിഞ്ഞം ആരുടെ കുഞ്ഞ് എന്നതിനെപ്പറ്റി വാദപ്രതിവാദം സഭയിലും. സമ്മേളനം പിരിഞ്ഞ ദിവസം സ്പീക്കർ എ.എൻ.ഷംസീർ ആ തർക്കത്തിൽ റഫറിയായി: ‘വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു’. 28 ദിവസത്തേക്കു നിശ്ചയിച്ച സഭ വെട്ടിച്ചുരുക്കി ചേർന്നത് 19 ദിനത്തിലായി 123 മണിക്കൂർ 16 മിനിറ്റ്. കൂടുതലും ചെലവിട്ടത് ധനകാര്യത്തിന്– 45 മണിക്കൂർ 10 മിനിറ്റ്. നിയമ നിർമാണത്തിനായി മാറ്റിവച്ചത് 14 മണിക്കൂർ 19 മിനിറ്റ്. നാലു ബില്ലുകൾ പാസാക്കി.

രാമചന്ദ്രൻ കടന്നപ്പള്ളി ഇന്നലെ കൊണ്ടുവന്ന സർക്കാർ രേഖകളുടെ സൂക്ഷിപ്പു സംബന്ധിച്ച ‘കേരള പൊതുരേഖ’ ബിൽ വിശദ ചർച്ചയ്ക്കു സിലക്ട് കമ്മിറ്റിക്കു വിട്ടു. അനൗദ്യോഗിക ബില്ലുകൾക്കും പ്രമേയങ്ങൾക്കും സമയം കണ്ടെത്തിയത് ഈ സമ്മേളനത്തിന്റെ സവിശേഷതയായി. മൂന്നു വെള്ളിയാഴ്ചകളിലായി 12 അനൗദ്യോഗിക ബില്ലുകളും നാലു പ്രമേയങ്ങളും ചർച്ചയ്ക്കെടുത്തു. 

പിരിയുന്ന ദിവസം പിണക്കമില്ലാതിരുന്നില്ല. തിരഞ്ഞെടുപ്പു തോൽവിയുടെ കാരണങ്ങളിലൊന്ന് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണെന്ന ആരോപണം ഉയരുന്ന അതേസമയത്ത് ധാർഷ്ട്യം പ്രതിപക്ഷ നേതാവിനാണ് എന്ന ചർച്ച സഭയിൽ തുടർച്ചയായി ഭരണപക്ഷം സംഘടിപ്പിച്ചത് യാദൃച്ഛികമാവില്ല. വിദ്യാർഥി കുടിയേറ്റം സംബന്ധിച്ചു മാത്യു കുഴൽനാടൻ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടിസിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് തനിക്കു നേരെ കൈ ചൂണ്ടിയെന്ന മന്ത്രി ആർ.ബിന്ദുവിന്റെ ആരോപണം മന്ത്രിമാരായ കെ.എൻ.ബാലഗോപാലും എം.ബി.രാജേഷും ഏറ്റുപിടിച്ചു. ധിക്കാരവും പുച്ഛവും കലർന്ന ശൈലിയിലൂടെ സ്പീക്കറെ പോലും സമ്മർദത്തിലാക്കാൻ സതീശൻ ശ്രമിക്കുന്നെന്നായി രാജേഷ്. മന്ത്രി, സ്പീക്കർ കളിക്കേണ്ടെന്നു സതീശനും. ആരോഗ്യകരമായ സമീപനം രണ്ടുപക്ഷത്തിനുമാകാമെന്നു പറഞ്ഞ് സ്പീക്കർ ഇരുവരെയും കുത്തി.

ബിജെപിക്കെതിരെ യോജിച്ചുനിൽക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആഹ്വാനം പോലും വി.ഡി.സതീശൻ കേൾക്കാൻ തയാറല്ലെന്ന പരിഭവത്തിലാണ് ടി.പി.രാമകൃഷ്ണൻ. ചിലർ ശപിച്ചാൽ ആ പരിപാടി പൂർവാധികം ഭംഗിയാകുമെന്ന വിശ്വാസത്തിന്റെ പുറത്ത് അവരെ ക്ഷണിച്ചെത്തിക്കുന്നവർ നാട്ടിലുണ്ടെന്ന് ഇ.ടി.ടൈസൺ വെളിപ്പെടുത്തി. അതുപോലെ പ്രതിപക്ഷം ശപിച്ചാൽ കാര്യങ്ങൾ സമംഗളമാകുമെന്ന് ടൈസണ് ഉറപ്പ്. ഭരണപക്ഷത്തിന്റെ തെറ്റുകൾ തുറന്നു കാണിക്കുന്ന പ്രതിപക്ഷ നേതാവിനോട് അരിശം സ്വാഭാവികമെന്നു ടി.ജെ.വിനോദ് തിരിച്ചടിച്ചു. ഒരുമിച്ചുനിന്നു കേന്ദ്രത്തോടു പൊരുതണമെന്ന അഭ്യർഥനയാണ് മന്ത്രി കെ.എൻ.ബാലഗോപാലിന്. 

കോട്ടയത്തടക്കം തോറ്റതിന്റെ പേരിൽ കേരള കോൺഗ്രസിനെ (എം) യുഡിഎഫിലേക്കു മടക്കിവിളിക്കുന്നവരോടു ജോബ് മൈക്കിളിനു പുച്ഛമേയുള്ളൂ. മഴക്കാലത്ത് തടിച്ചു കൊഴുക്കുന്ന മണ്ണിര, പാമ്പിന്റെ മാളത്തിൽ പെണ്ണുചോദിച്ചു ചെല്ലുന്നതിനോട് അതിനെ അദ്ദേഹം ഉപമിച്ചു. പാസാക്കുന്ന നിയമങ്ങളിൽ ചിലത് അതേ സ്പിരിറ്റോടെ നടപ്പാക്കുന്നില്ലെന്ന മാത്യു ടി.തോമസിന്റെ പരിദേവനവും സമാപനദിവസം മുഴങ്ങി.

∙ ഇന്നത്തെ വാചകം.

റവന്യു, ജലവിഭവ, വൈദ്യുതി, വനം, കൃഷി, സഹകരണ, ഫിഷറീസ്, ഉന്നതവിദ്യാഭ്യാസ, ഭക്ഷ്യ, മൃഗസംരക്ഷണ, കായിക മന്ത്രിമാർ ഈ സമ്മേളനത്തിലെ എല്ലാ ചോദ്യങ്ങൾക്കും യഥാസമയം മറുപടി ലഭ്യമാക്കി. ഈ മാതൃക മറ്റു മന്ത്രിമാർക്കും സ്വീകരിക്കാമെന്ന് ചെയർ ഓർമിപ്പിക്കുന്നു : സ്പീക്കർ എ.എൻ.ഷംസീർ.

English Summary:

Kerala assembly naduthalam column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com