ഐജിഎസ്ടി വിഹിതത്തിൽ 25,000 കോടിയുടെ നഷ്ടം; ഒന്നര വർഷം പൂഴ്ത്തി വച്ച റിപ്പോർട്ട് നിയമസഭയിൽ
Mail This Article
തിരുവനന്തപുരം ∙ ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിലെ പോരായ്മകൾ കാരണം സംസ്ഥാന സർക്കാരിന് ഐജിഎസ്ടി വിഹിതത്തിൽ 20,000 മുതൽ 25,000 കോടി രൂപ വരെ നഷ്ടപ്പെട്ടെന്നുള്ള പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. നികുതി നഷ്ടം സംബന്ധിച്ച പരാമർശമുള്ളതിനാൽ, സമർപ്പിച്ച് ഒന്നര വർഷത്തോളം അംഗീകരിക്കാതിരുന്ന റിപ്പോർട്ടാണ് ഒടുവിൽ സർക്കാർ ഇന്നലെ നിയമസഭയിൽ വച്ചത്.
ഇങ്ങനെ ഒരു റിപ്പോർട്ട് പോലും ലഭിച്ചിട്ടില്ലെന്നായിരുന്നു ധനമന്ത്രിയടക്കം നേരത്തേ വ്യക്തമാക്കിയിരുന്നത്. ഇൗ റിപ്പോർട്ട് സർക്കാർ അംഗീകരിക്കാത്തതിനാൽ എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി പ്രവർത്തനം നിർത്തിയിരുന്നു. ജിഎസ്ടി നടപ്പാക്കിയാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു വലിയ നേട്ടമുണ്ടാകുമെന്ന മുൻ മന്ത്രി തോമസ് ഐസക്കിന്റെ വാദം റിപ്പോർട്ടിൽ തള്ളിക്കളഞ്ഞിട്ടുണ്ട്.