പൊതുമേഖല: ലാഭത്തിൽ 55 സ്ഥാപനങ്ങള്, നഷ്ടത്തിൽ 63; നഷ്ടം 4065 കോടി, ലാഭം 655 കോടി
Mail This Article
തിരുവനന്തപുരം∙ 2017 മുതൽ 2022 വരെയുള്ള കണക്ക് അനുസരിച്ച് 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 55 എണ്ണം 654.99 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയപ്പോൾ 63 സ്ഥാപനങ്ങൾക്ക് 4,065.38 കോടിയുടെ നഷ്ടമുണ്ടായതായി സിഎജി റിപ്പോർട്ട്. ലാഭം നേടിയ 51 സ്ഥാപനങ്ങൾ ലാഭവിഹിതം പ്രഖ്യാപിച്ചതിലെ കുറവു മൂലം സർക്കാരിന് 226.47 കോടിയുടെ നഷ്ടമുണ്ടായി. 4 സ്ഥാപനങ്ങൾക്കു ലാഭമോ നഷ്ടമോ ഇല്ലെന്നും 9 എണ്ണം ആദ്യ കണക്കുകൾ നൽകിയിട്ടില്ലെന്നും സിഎജി ചൂണ്ടിക്കാട്ടി.
വിരമിക്കൽ, പെൻഷൻ ആനുകൂല്യങ്ങൾ നൽകേണ്ട മാസ്റ്റർ ട്രസ്റ്റിന് 26,401 കോടിയുടെ ഫണ്ട് ഉണ്ടാക്കുന്നതിൽ കെഎസ്ഇബി പരാജയപ്പെട്ടു. ചട്ടങ്ങളും സർക്കാർ ഉത്തരവുകളും ലംഘിച്ചു ശമ്പളപരിഷ്കരണം നടപ്പാക്കിയതു വഴി 1011 കോടിയും പെൻഷൻ പരിഷ്കരണ കുടിശിക ഇനത്തിൽ 306 കോടിയും അധികം ചെലവഴിച്ചു.
തലശേരി–കളറോഡ് നവീകരണത്തിൽ മരാമത്ത് വകുപ്പിന്റെ അനാസ്ഥ മൂലം 6.97 കോടിയുടെ അധിക ബാധ്യതയും കരാറുകാരന് 14.87 കോടിയുടെ അനർഹ ലാഭവും ഉണ്ടായെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ധാതു ലേലത്തിന് കേന്ദ്രം ഒരുക്കിയിരിക്കുന്ന പോർട്ടൽ സംവിധാനം സംസ്ഥാനം ഉപയോഗിക്കുന്നില്ലെന്നും കേരളത്തിന്റെ വ്യവസ്ഥകൾ സുതാര്യമല്ലെന്നും റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിലെ മറ്റു നിരീക്ഷണങ്ങൾ
∙ ബിഎസ്എൻഎൽ കെട്ടിടങ്ങളിൽനിന്നു 3.7 കോടി രൂപ നികുതി പിരിക്കാനുണ്ട്.
∙ സംസ്ഥാന ഗവ. കെട്ടിടങ്ങളിൽനിന്നു പിരിച്ചെടുക്കേണ്ട നികുതി കുടിശിക 26.49 കോടി.
∙ തിരുവനന്തപുരത്ത് എയർപോർട്ട് അതോറിറ്റിയിൽനിന്നു വസ്തുനികുതി പിരിച്ചില്ല.
∙ കെട്ടിടങ്ങളുടെ ജിഐഎസ് മാപ്പിങ്ങിനായി ലക്ഷങ്ങൾ പല നഗരസഭകളും ചെലവഴിച്ചെങ്കിലും ഡിജിറ്റൽ ഡേറ്റ ഇല്ല.
∙ അർഹതയില്ലാത്ത ഏജൻസികൾക്ക് 23.99 കോടിയുടെയും അർഹിക്കുന്നതിലും അധികമായി 12.26 കോടിയുടെയും പദ്ധതികൾ കുടുംബശ്രീ വഴി നൽകി.
∙ കോഴിക്കോട് എൻഎച്ച് ഡിവിഷനിൽ തെറ്റായ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ 2 മേൽപാലങ്ങളുടെ നിർമാണം മൂലം ഏജൻസിക്ക് 2.87 കോടി രൂപയുടെ അനർഹ നേട്ടം.
∙ കാസർകോട് പിഡബ്ല്യുഡി റോഡ്സ് ഡിവിഷനിൽ 3 ഫയലുകളിലെ ബില്ലുകളിൽ ക്രമരഹിത റീഫണ്ട് മൂലം സർക്കാരിന് 1.34 കോടി നഷ്ടം.
വനം വകുപ്പിന് വീഴ്ച
വന്യജീവി ആവാസവ്യവസ്ഥ പരിപാലിക്കുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടതാണ് മനുഷ്യ–വന്യജീവി സംഘർഷത്തിനു പ്രധാന കാരണമെന്നു റിപ്പോർട്ടിലുണ്ട്. തദ്ദേശസ്ഥാപനങ്ങൾ, കൃഷി, റവന്യു വകുപ്പുകൾ എന്നിവയുടെ ഏകോപനമില്ലായ്മ സംഘർഷം ലഘൂകരിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. 2017 മുതൽ 2022 വരെ 445 പേർക്കു വന്യജീവി ആക്രമണങ്ങളിൽ സംസ്ഥാനത്തു ജീവൻ നഷ്ടപ്പെട്ടു.