ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന: പ്രതികൾക്ക് സമൻസ്
Mail This Article
തിരുവനന്തപുരം ∙ ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികൾക്കു കോടതി സമൻസ്. 26നു ഹാജരാകാനാണ് 5 പ്രതികൾക്കും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സമൻസ് അയച്ചത്. മുൻ എസ്പി എസ്.വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഗുജറാത്ത് ഡിജിപിയും ഐബിയുടെ ഡപ്യൂട്ടി ഡയറക്ടറുമായിരുന്ന ആർ.ബി.ശ്രീകുമാർ , മുൻ എസ്പി കെ.കെ.ജോഷ്വ, ഐബി മുൻ ഇൻസ്പെക്ടർ പി.എസ്. ജയപ്രകാശ് എന്നിവരാണു പ്രതികൾ. ഇവർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഗൂഢാലോചന, വ്യാജ തെളിവും രേഖകളും ഉണ്ടാക്കാൻ ദേഹോപദ്രവം ഏൽപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥർ ചേർന്നു വ്യാജ തെളിവു സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ, അന്യായമായി തടഞ്ഞു വയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിനു സുപ്രീംകോടതി തന്നെയാണ് ഉത്തരവിട്ടത്. പ്രഥമ വിവര റിപ്പോർട്ടിൽ 18 പ്രതികളാണുണ്ടായിരുന്നത്.