ADVERTISEMENT

ശ്രീകണ്ഠപുരം (കണ്ണൂർ) ∙ ബോംബെന്നു കരുതി പേടിച്ചാണ് അവർ ആ പാത്രം വലിച്ചെറിഞ്ഞത്. പക്ഷേ, ഏറിൽ പാത്രം പൊട്ടിയപ്പോൾ പുറത്തു വന്നത് നിധിക്കൂമ്പാരം. 17 മുത്തുമണികൾ, 13 സ്വർണ പതക്കങ്ങൾ, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങൾ, പഴയകാലത്തെ 5 മോതിരങ്ങൾ, ഒരു  സെറ്റ് കമ്മൽ, ഒട്ടേറെ വെള്ളിനാണയങ്ങൾ. കിട്ടിയ നിധി എന്തു ചെയ്യണമെന്നതിലും തൊഴിലുറപ്പു തൊഴിലാളികളായ അവർക്ക് സംശയമൊന്നുമുണ്ടായില്ല. പഞ്ചായത്തിലറിയിച്ച് പൊലീസിനു കൈമാറി.

നിധികുംഭത്തിന്റെ ഉൾവശം
നിധികുംഭത്തിന്റെ ഉൾവശം

കണ്ണൂർ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എൽപി സ്കൂളിനടുത്തു സ്വകാര്യ ഭൂമിയിൽ മഴക്കുഴി എടുത്തു കൊണ്ടിരിക്കെയാണ് ചേലോറ സുലോചനയുടെ നേതൃത്വത്തിലുള്ള 18 തൊഴിലാളികൾക്ക് നിധി ലഭിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിലും ഒളിച്ചുവച്ച നിലയിലും ജില്ലയിൽ ബോംബുകൾ കണ്ടെത്തുന്നതാണല്ലോ കാലം. അതുകൊണ്ട് മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ പാത്രവും ആദ്യം ബോംബാണെന്നാണു കരുതിയത്. നിധിയാണെന്നു തിരിച്ചറിഞ്ഞതോടെ ഇവർ ചെങ്ങളായി പഞ്ചായത്ത് ഓഫിസിൽ വിവരമറിയിക്കുകയും പൊലീസെത്തി ഏറ്റുവാങ്ങുകയും ചെയ്തു. പൊലീസ് നിധി തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തു വകുപ്പിനെ വിവരം അറിയിച്ചതായി എസ്ഐ എം.പി.ഷിജു പറഞ്ഞു.

നിധിയിലെ നാണയങ്ങളിൽ വർഷം രേഖപ്പെടുത്തിയിട്ടില്ല. നാണയങ്ങൾ പരിശോധിച്ചു പഴക്കം നിർണയിക്കാമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ പറഞ്ഞു. ക്ഷേത്രങ്ങളിലും തറവാടുകളുടെ പടിഞ്ഞാറ്റകളിലും സൂക്ഷിക്കുന്ന മൂലഭണ്ഡാരത്തിന്റെ മാതൃകയാണ് നിധി അടങ്ങിയിരുന്ന പാത്രത്തിന്. ഇത്തരം ഭണ്ഡാരങ്ങളിൽ ആഭരണങ്ങളും പണവും  സൂക്ഷിക്കാറുണ്ട്. മോഷ്ടിക്കപ്പെടാതിരിക്കാൻ പഴമക്കാർ ഒളിപ്പിച്ചതാകാനും സാധ്യതയുണ്ട്. സ്വർണം പൂശിയതാണോയെന്നും വ്യക്തമല്ല. 

നിധികുംഭത്തിൽ എന്തൊക്കെ?

13 സ്വർണ ലോക്കറ്റുകൾ

17 മുത്തുമണികൾ

4 പതക്കങ്ങൾ

5 മോതിരങ്ങൾ 

1 സെറ്റ് കമ്മൽ

വെള്ളിനാണയങ്ങൾ

English Summary:

Labourers got treasure in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com