ADVERTISEMENT

തിരുവനന്തപുരം ∙ മദർഷിപ്പിനെ സ്വീകരിക്കുന്ന വേദിയിലും വിഴിഞ്ഞത്തെക്കുറിച്ചുള്ള രാഷ്ട്രീയവാദങ്ങളുയർന്നു. പദ്ധതിക്കു കരാർ ഒപ്പിടുകയും തുറമുഖം യാഥാർഥ്യമാകുന്നതിൽ പ്രധാനപങ്കു വഹിക്കുകയും ചെയ്ത ഉമ്മൻ ചാണ്ടിയുടെ പേര് ഉദ്ഘാടനപ്രസംഗത്തിൽ ഒഴിവാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ, അദാനിക്കു നന്ദി പറഞ്ഞു. അദാനി പോർട്സ് ആൻഡ് ഇക്കണോമിക് സോൺ മാനേജിങ് ഡയറക്ടർ കരൺ അദാനിയും അധ്യക്ഷനായിരുന്ന മന്ത്രി വി.എൻ.വാസവനും എം.വിൻസന്റ് എംഎൽഎയും ഉമ്മൻ ചാണ്ടിയെ പേരെടുത്തു പറഞ്ഞു.

പദ്ധതിയുടെ ചരിത്രത്തിൽ ഇടതുസർക്കാരുകളുടെ പങ്കു വിശദീകരിച്ച പിണറായി പക്ഷേ, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന കല്ലിടലിനെപ്പറ്റിയും കരാറിനെക്കുറിച്ചും മിണ്ടിയില്ല. അദാനി ഗ്രൂപ്പിന്റെ സഹകരണത്തിനു നന്ദി പറയുകയും മുൻ തുറമുഖ മന്ത്രിമാരായ അഹമ്മദ് ദേവർകോവിലിന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും പേരെടുത്തു പറയുകയും ചെയ്തു.

തുറമുഖം യാഥാർഥ്യമാകുന്നതിനായി ആത്മാവും ഹൃദയവും സമർപ്പിച്ചയാളാണ് ഉമ്മൻ ചാണ്ടിയെന്നു പറഞ്ഞ കരൺ അദാനി ചടങ്ങിൽ ഇല്ലാതിരുന്ന ശശി തരൂർ എംപിക്കും നന്ദി പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് വലിയ പ്രക്ഷോഭങ്ങളെ നേരിട്ട് പദ്ധതി കരാറിലെത്തിച്ചതെന്നു മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി.

പദ്ധതിക്കു ഭൂമി ഏറ്റെടുത്തതും അനുബന്ധ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടതും ഉമ്മൻ ചാണ്ടിയാണെന്ന് എം.വിൻസന്റ് എംഎൽഎ പറഞ്ഞു. വിഴിഞ്ഞത്തിന്റെ പേരിൽ അദ്ദേഹം ഏറെ പഴി കേട്ടു. ജുഡീഷ്യൽ അന്വേഷണവും നേരിടേണ്ടിവന്നു.

വികസനത്തിൽ രാഷ്ട്രീയം പാടില്ലെന്നു പറഞ്ഞത് ഇഎംഎസ് ആണ്. പക്ഷേ, ഈ സർക്കാർ പ്രതിപക്ഷത്തെ ഒഴിവാക്കി. വേദിയിൽ പ്രതിപക്ഷ സാന്നിധ്യമുണ്ടായിരുന്നെങ്കിൽ ചടങ്ങ് മനോഹരമാകുമായിരുന്നു– വിൻസന്റ് ചൂണ്ടിക്കാട്ടി. വിൻസന്റ് പ്രസംഗം കഴിഞ്ഞു മടങ്ങുമ്പോൾ പിണറായി കയ്യുയർത്തി അഭിവാദ്യം ചെയ്തു.

ഉമ്മൻ ചാണ്ടിയെ സ്മരിച്ച് സ്പീക്കർ

കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ പൂർത്തീകരണത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് മറക്കാനാകില്ലെന്നു ഫെയ്സ്ബുക് കുറിപ്പിൽ സ്പീക്കർ എ.എൻ.ഷംസീർ. ആദരണീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്രനിമിഷം പൂർത്തിയാകില്ലെന്ന് ഷംസീർ കുറിച്ചു.

English Summary:

Pinarayi Vijayan thanks Adani but omits Oommen Chandy in Vizhinjam Port inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com