വെട്ടിയ മാർക്ക് പോയതു തന്നെ! രണ്ടാമത്തെ വിദ്യാർഥിക്കും സമാന മറുപടി
Mail This Article
തിരുവനന്തപുരം∙ പ്ലസ്ടു പരീക്ഷയിൽ നേരത്തേ നൽകിയ മാർക്ക് വെട്ടിക്കുറച്ച സംഭവത്തിനിരയായ രണ്ടാമത്തെ വിദ്യാർഥിക്കും സമാന മറുപടി നൽകി ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം. ബയോളജി പ്രാക്ടിക്കൽ പരീക്ഷയിൽ ആദ്യം ലഭിച്ച 40 മാർക്ക് 32 ആയി കുറച്ചതിനെതിരെ പരാതി നൽകിയ മൂവാറ്റുപുഴ കല്ലൂർകാട് സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് വിദ്യാർഥിയായിരുന്ന ആഷിൻ ജോയിസിനാണ് കൂടുതൽ മാർക്കിന് അർഹതയില്ലെന്ന മറുപടി ഇന്നലെ വൈകിട്ട് സ്കൂൾ മുഖേന ലഭിച്ചത്. പക്ഷേ നേരത്തേ നൽകിയ മാർക്കിൽ കുറവ് വരുത്തിയതെങ്ങനെയെന്ന് ഈ മറുപടിയിലും വിശദീകരണമില്ല. ഫിസിക്സ് പരീക്ഷയിൽ സമാന രീതിയിൽ 7 മാർക്ക് നഷ്ടപ്പെട്ട പെരുമ്പാവൂർ വളയൻചിറങ്ങര ഗവ.എച്ച്എസ്എസ് വിദ്യാർഥിയായിരുന്ന അംജിത് അനൂപിനും ഇതേ രീതിയിലുള്ള ദുരൂഹ മറുപടിയാണ് കഴിഞ്ഞ ദിവസം നൽകിയത്. ആദ്യം ലഭിച്ച മാർക്ക് ലിസ്റ്റിൽ ആഷിന് ബയോളജി പ്രാക്ടിക്കലിന് മുഴുവൻ മാർക്കും (40) എഴുത്തുപരീക്ഷയിൽ 45 മാർക്കുമാണ് ഉണ്ടായിരുന്നത്. എഴുത്തു പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകർപ്പ് എടുത്ത് പരിശോധിച്ചപ്പോൾ 53 മാർക്ക് ലഭിച്ചിട്ടുണ്ടെന്നും കണക്കുകൂട്ടലിലെ പിഴവ് മൂലമാണ് കുറഞ്ഞതെന്നും ബോധ്യപ്പെട്ടു. ഇതു തിരുത്തി നൽകാൻ പരാതി നൽകിയപ്പോൾ എഴുത്തു പരീക്ഷയ്ക്ക് 53 മാർക്കാക്കി നൽകിയെങ്കിലും പ്രാക്ടിക്കലിനു നൽകിയിരുന്ന 40 മാർക്ക് ഒരു അടിസ്ഥാനവുമില്ലാതെ 32 ആക്കി കുറയ്ക്കുകയായിരുന്നു. ഫലത്തിൽ ആകെ മാർക്കിൽ വ്യത്യാസമില്ലാതായി.