ADVERTISEMENT

ശ്രീകണ്ഠപുരം (കണ്ണൂർ)∙ കഴിഞ്ഞദിവസം നിധി കണ്ടെത്തിയ പരിപ്പായി ജിഎൽപി സ്കൂൾ പരിസരത്തെ സ്വകാര്യ ഭൂമിയിൽ വീണ്ടും നിധി കണ്ടെത്തി. 4 വെള്ളിനാണയങ്ങൾ, 2 മുത്തുമണികൾ എന്നിവയാണ് ഇന്നലെ തൊഴിലുറപ്പു തൊഴിലാളികൾക്കു ലഭിച്ചത്. ശ്രീകണ്ഠപുരം പൊലീസ് കസ്റ്റഡിയിലെടുത്ത ഇവ കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞദിവസം ലഭിച്ച നിധി തളിപ്പറമ്പ് സബ് ഡിവിഷനൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.

നിധിശേഖരം പരിശോധിക്കാൻ പുരാവസ്തു ഡയറക്ടർക്കു നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പുരാവസ്തുവാണെന്നു കണ്ടെത്തിയാൽ ഏറ്റെടുക്കും. പുരാവസ്തു വകുപ്പ് പരിശോധിക്കണമെങ്കിൽ ജില്ലാ കലക്ടർ ആവശ്യപ്പെടണം. എന്നാൽ, റവന്യു വകുപ്പിന്റെ ഭാഗത്തുനിന്ന് അറിയിപ്പു ലഭിച്ചിട്ടില്ലെന്നു പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ പറഞ്ഞു. ഔദ്യോഗിക റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും അതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അരുൺ കെ.വിജയൻ പറഞ്ഞു. നിധി കണ്ടെത്തിയ വിവരമറിഞ്ഞ് രാവിലെ മുതൽ നാട്ടുകാരും മാധ്യമങ്ങളും സ്ഥലത്തെത്തിയിരുന്നു. 

വിശദമായി പരിശോധിച്ചിട്ടില്ലെങ്കിലും കണ്ടെത്തിയ നിധിക്ക് 300 വർഷത്തോളം പഴക്കമുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. നാണയങ്ങളിൽ ‘ഫ്രഞ്ച് പുത്തൻ’ എന്നറിയപ്പെടുന്ന മാഹിപ്പണവും പഴയ വെനീഷ്യൻ നാണയങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും കരുതുന്നു. ചെങ്ങളായി പ്രദേശവുമായി പണ്ടുകാലത്ത് വിദേശ രാജ്യങ്ങൾക്ക് വ്യാപാര ബന്ധമുണ്ടായിരുന്നതായും പറയുന്നു.

English Summary:

Treasure again in Sreekandapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com