തൊടുപുഴ നഗരസഭ: ചെയർമാനെതിരെ എൽഡിഎഫ് അവിശ്വാസം; നോട്ടിസ് കൊടുത്തു
Mail This Article
തൊടുപുഴ ∙ നഗരസഭാ ചെയർമാൻ സനീഷ് ജോർജിനെതിരെ എൽഡിഎഫ് അവിശ്വാസപ്രമേയത്തിനു നോട്ടിസ് നൽകി. എൽഡിഎഫിലെ 13 കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസപ്രമേയ നോട്ടിസ് തദ്ദേശസ്വയംഭരണ വകുപ്പ് ഇടുക്കി ഡപ്യൂട്ടി ഡയറക്ടർക്കാണ് ഇന്നലെ കൈമാറിയത്. അഴിമതിക്കേസിൽ പ്രതിയായ ചെയർമാനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് എൽഡിഎഫ് നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച സനീഷിനെ ചെയർമാനാക്കിയ അതേ മുന്നണി തന്നെയാണ് ഇപ്പോൾ അവിശ്വാസത്തിലൂടെ പുറത്താക്കാൻ നോക്കുന്നതും. അവിശ്വാസത്തെ പിന്തുണയ്ക്കുന്നതു സംബന്ധിച്ച് മുന്നണിയുടെ ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടാകുമെന്നു യുഡിഎഫും ബിജെപിയും വ്യക്തമാക്കി. അടുത്തയാഴ്ച അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുത്തേക്കും.
നഗരസഭയിലെ അസി. എൻജിനീയർ കൈക്കൂലി കേസിൽ അറസ്റ്റിലായ സംഭവത്തിൽ രണ്ടാം പ്രതിയാണു സനീഷ് ജോർജ്. ‘കുറ്റക്കാരനാണെന്നു കോടതി പറഞ്ഞാൽ രാജിവയ്ക്കാൻ തയാറാണ്. മുഖം രക്ഷിക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമായാണ് അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്’ – സനീഷ് ഇന്നലെ പ്രതികരിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിലെ 12-ാം വാർഡിൽ നിന്നു കോൺഗ്രസ് വിമതനായാണു സനീഷ് വിജയിച്ചത്. പിന്നീട് സനീഷിനെയും 9–ാം വാർഡിൽ നിന്നു മുസ്‌ലിം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേർത്താണ് എൽഡിഎഫ് നഗരസഭാ ഭരണം പിടിച്ചെടുത്തത്. കൂറുമാറ്റത്തിന്റെ പേരിൽ ജെസി ജോണിയെ അയോഗ്യയാക്കിയതിനെ തുടർന്ന് ഈ 30ന് 9–ാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.