മെഡിക്കൽ കോളജിൽ വീണ്ടും ലിഫ്റ്റ് തകരാർ: ഡോക്ടർമാരും രോഗിയും ബന്ധുവും കുടുങ്ങി
Mail This Article
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഏഴാം നമ്പർ ലിഫ്റ്റിൽ ഡോക്ടർമാരും രോഗിയും ബന്ധുവും കുടുങ്ങി. രണ്ടു തവണയായി 25 മിനിറ്റാണ് ലിഫ്റ്റ് പണിമുടക്കിയത്. ഇവരെ സുരക്ഷിതരായി പുറത്തെത്തിച്ചു. ഇടുപ്പെല്ല് ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ഉള്ളൂർ സ്വദേശി ബി.രവീന്ദ്രൻ നായർ തകരാറിലായ ലിഫ്റ്റിൽ 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുൻപാണ് ഈ സംഭവം.
ഇന്നലെ ഉച്ചയ്ക്ക് 1.40നാണ് വനിതാ ഡോക്ടറും സ്ട്രെച്ചറിൽ കൊണ്ടു പോയ രോഗിയും ബന്ധുവും ലിഫ്റ്റിൽ കുടുങ്ങിയത്. ഇഎൻടി വിഭാഗത്തിലെ ഡോ. അൻസിലയും സിടി സ്കാൻ വിഭാഗത്തിലേക്കു പോയ രോഗിയും ബന്ധുവുമാണ് ലിഫ്റ്റിൽ ഉണ്ടായിരുന്നത്. ഇവർ കയറിയ ശേഷം താഴേക്കു പോയ ലിഫ്റ്റ് പകുതിയിൽ നിന്നു. ടെക്നിഷ്യൻ എത്തി 20 മിനിറ്റോളം ശ്രമിച്ചാണ് മൂവരെയും പുറത്തെത്തിച്ചത്.
സാങ്കേതികത്തകരാർ പരിഹരിച്ച് വീണ്ടും ഓണാക്കിയ ലിഫ്റ്റിൽ ഒരു മണിക്കൂർ കഴിയും മുൻപ് മൂന്നു ഡോക്ടർമാർ കുടുങ്ങി. വൈകിട്ട് മൂന്നു മണിയോടെ ഇതേ ലിഫ്റ്റിൽ കയറിയ അത്യാഹിത വിഭാഗത്തിലെ 3 ഡോക്ടർമാരുമായി ലിഫ്റ്റ് പാതി വഴിയിൽ നിന്നു. 5 മിനിറ്റിനുശേഷം തകരാർ പരിഹരിച്ച് ഇവരെയും പുറത്തെത്തിച്ചു. അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതിനാലാണ് ലിഫ്റ്റ് തകരാറിലാകുന്നതെന്നാണു പരാതി.
ലിഫ്റ്റ് പണിമുടക്കിയപ്പോൾ ലിഫ്റ്റ് ഓപ്പറേറ്റർമാർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ആകെയുള്ള 12 ഓപ്പറേറ്റർമാരിൽ ഒരാൾ മാത്രമാണ് ഇന്നലെ ഡ്യൂട്ടിക്ക് എത്തിയതെന്നും രോഗികളുടെ ബന്ധുക്കൾ ആരോപിച്ചു. 21 ലിഫ്റ്റുകളാണ് ആശുപത്രിയിലുള്ളത്. ഇതിൽ പലതും പഴക്കമുള്ളതും സ്ഥിരമായി തകരാറിലാകുന്നവയുമാണ്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർ ഉൾപ്പെടെ നൂറുകണക്കിന് രോഗികളാണ് ലിഫ്റ്റിനെ ആശ്രയിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫിസ് മന്ദിരത്തിലെ 11–ാം നമ്പർ ലിഫ്റ്റിൽ രവീന്ദ്രൻ നായർ കുടുങ്ങിയത്.