ADVERTISEMENT

ന്യൂഡൽഹി ∙ പക്ഷിപ്പനി തുടർച്ചയായി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ 2025 മാർച്ച് വരെ താറാവിനെയും കോഴിയെയും വളർത്തുന്നതിനു നിരോധനം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല. 

  • Also Read

‘സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ 2025 മാർച്ച് വരെ പക്ഷിവളർത്തൽ നിരോധിക്കണമെന്നു നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് കേന്ദ്രത്തിനും സമർപ്പിച്ചിരുന്നു. കോഴിക്കും താറാവിനും പുറമേ പ്രാവിലും മയിലിലും വരെ വൈറസ് കണ്ടെത്തി. 30 കോടിയോളം രൂപയുടെ നഷ്ടമാണു പ്രാഥമികമായി കണക്കാക്കുന്നത്. ഏപ്രിലിനു ശേഷം 1.9 ലക്ഷം പക്ഷികളെ കൊന്നൊടുക്കേണ്ടിവന്നു’ – കേന്ദ്ര മൃഗസംരക്ഷണ മന്ത്രി രാജീവ് രഞ്ജൻ സിങ്, സഹമന്ത്രി ജോർജ് കുര്യൻ എന്നിവരെ സന്ദർശിച്ച ശേഷമായിരുന്നു ചിഞ്ചുറാണിയുടെ പ്രതികരണം. 

കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും രോഗസാധ്യതയുള്ള മേഖലകളിലെ താറാവ്, കോഴി കർഷകർക്കു പ്രത്യേക ഉപജീവന പാക്കേജ് അനുവദിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

കേരളം ഉന്നയിച്ച ആവശ്യങ്ങൾ

∙ കുട്ടനാട്ടിൽ പരമ്പരാഗത താറാവു വളർത്തൽ നിലനിർത്തുന്നതിന് പ്രതിരോധ കുത്തിവയ്പ്. 

∙ കർഷകർക്കുള്ള നഷ്ടപരിഹാരയിനത്തിൽ കേന്ദ്രം നൽകാനുള്ള 6.2 കോടി രൂപ ഉടൻ ലഭ്യമാക്കുക. 

∙ പക്ഷിപ്പനിയുടെ വൈറസ് സാന്നിധ്യം പരിശോധിക്കാൻ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിലവിലുള്ള ബിഎസ്എൽ–2 (ബയോസേഫ്റ്റി ലവൽ–2) ലാബ് ബിഎസ്എൽ–3 ആയി ഉയർത്തുക. 

∙ മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനച്ചെലവ് ഇനത്തിലുള്ള ബാക്കിത്തുക ലഭ്യമാക്കുക. 

∙ കുട്ടനാട്ടിലെ തനതു താറാവ് ഇനങ്ങളായ ചാര, ചെമ്പല്ലി എന്നിവയെ ‘കുട്ടനാടൻ താറാവ്’ എന്ന പുതിയ ജനുസ്സായി അംഗീകരിക്കുക. 

English Summary:

Minister J Chinchurani said there may be a ban on duck and chicken breeding in Alappuzha till March due to bird flu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com