ADVERTISEMENT

ചെറുതോണി (ഇടുക്കി) ∙ ചേലച്ചുവട് ബസ് സ്റ്റാൻഡിൽ പരുക്കേറ്റ്‌ രക്തം വാർന്നു കിടന്നയാളെ ആരും തിരിഞ്ഞുനോക്കിയില്ല; ഒടുവിൽ സഹായത്തിനെത്തിയത് സ്കൂൾ വിദ്യാർഥികൾ. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ അഡോണും ജിൻസും ആണ് നന്മയുടെ കൈത്താങ്ങുമായെത്തിയത്. 

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം. തലയ്ക്കു പരുക്കേറ്റു ചോര വാർന്ന് ബസ് സ്റ്റാൻഡിലെ ചെളിവെള്ളത്തിൽ കിടക്കുകയായിരുന്നു യുവാവ്. ആരും തിരിഞ്ഞുനോക്കിയില്ല. അഡോണും ജിൻസും സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ച് യുവാവിനെ സിഎസ്ഐ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമാണെന്നും മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകണമെന്നും ഡോക്ടർമാർ നിർദേശിച്ചു. പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല. തുടർന്ന് കുട്ടികൾ തന്നെ പരുക്കേറ്റ യുവാവുമായി ആംബുലൻസിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു തിരിച്ചു. 

ആംബുലൻസ് ഡ്രൈവറുടെ ഫോൺ വാങ്ങി കുട്ടികൾ സ്വന്തം വീടുകളിൽ വിവരം അറിയിക്കുകയും ചെയ്തു. മെഡിക്കൽ കോളജിലെത്തിച്ച ശേഷം യുവാവിന്റെ ഫോണിൽ നിന്ന് സുഹൃത്തുക്കളെ വിളിച്ചറിയിക്കാനും ഇവർ തയാറായി. ആശുപത്രിയിൽ‌ കൂട്ടുനിൽക്കാൻ ആളില്ലാതെ വന്നതോടെ കുട്ടികൾക്ക് ഉടനെ തിരിച്ചു പോകാനും കഴിഞ്ഞില്ല. ഇടുക്കി പൊലീസ് എത്തി മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ ചുമതലയേൽപിച്ച ശേഷം രാത്രിയിലാണ് കുട്ടികൾക്കു വീടുകളിലേക്ക് മടങ്ങിപ്പോകാനായത്. 

തൃശൂർ സ്വദേശിയായ ജിസ്മോൻ എന്ന യുവാവായിരുന്നു അപകടത്തിൽപെട്ടത്. ബസ് സ്റ്റാൻഡിനു സമീപമുള്ള ചെളിയിൽ തെന്നി വീണായിരുന്നു അപകടം. ചേലച്ചുവട് സ്റ്റാൻഡിൽ  ഇന്നലെ ആശുപത്രിയിൽ നിന്ന് ജിസ്മോൻ നാട്ടിലേക്കു മടങ്ങി. ചേലച്ചുവട് പേയ്ക്കൽ സന്തോഷിന്റെ മകനാണ് അഡോൺ. വിച്ചാട്ട് സജിയുടെ മകനാണ് ജിൻസ്.

English Summary:

School students helped bleeding wounded man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com