ഭാര്യയുടെ വീടിനു യുവാവ് തീയിട്ടു; കുടുംബം രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്; ഭർത്താവ് ശുചിമുറിയിൽ കൈ മുറിച്ച നിലയിൽ
Mail This Article
പത്തിരിപ്പാല (പാലക്കാട്) ∙ മങ്കര പുള്ളോട്ട് ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന യുവാവ് ഭാര്യയുടെ വീടിനു തീയിട്ടു, തീപടരുന്നതു ശ്രദ്ധയിൽപെട്ട വീട്ടുകാർ നടത്തിയ പരിശ്രമത്തിൽ മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. പാറയിൽ വീട്ടിൽ നൂർജഹാൻ (40), മകൻ സൽമാന്‍ ഫാരീസ് (21), ഉമ്മ മറിയ (60) എന്നിവർ താമസിക്കുന്ന വീടിനുനേരെയാണ് ഇന്നലെ പുലർച്ചെ 4ന് അതിക്രമം നടന്നത്. സംഭവത്തിൽ നൂർജഹാന്റെ ഭർത്താവ് ഫാറൂഖിനെതിരെ (45) മങ്കര പൊലീസ് കേസെടുത്തു. പ്രതിയെ സംഭവം നടന്ന വീടിന്റെ ശുചിമുറിയിൽ നിന്നു കൈ ഞരമ്പു മുറിച്ച നിലയിൽ കണ്ടെത്തി.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഫാറൂഖും നൂർജഹാനും രണ്ടാം വിവാഹം കഴിച്ചവരാണ്. മുൻപു നൂർജഹാന്റെ വീട്ടിൽത്തന്നെയായിരുന്നു ഫാറൂഖിന്റെ താമസവും. 2 വർഷമായി അകന്നു കഴിയുന്ന ഇവർ തമ്മിൽ വലിയ ബന്ധം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച ഡീസല്‍ കാനുമായി പുള്ളോട്ടെ വീട്ടിലെത്തിയ ഫാറൂഖ് ഇവർക്കുനേരെ ഭീഷണി മുഴക്കിയിരുന്നു. തുടർന്നു നൂർജഹാൻ മങ്കര പൊലീസിൽ പരാതി നൽകി.
ഇന്നലെ പുലർച്ചെ വീണ്ടും സ്ഥലത്തെത്തിയ ഫാറൂഖ് വീടിനു ചുറ്റും ഡീസൽ ഒഴിച്ചു തീവയ്ക്കാൻ ശ്രമം നടത്തുകയായിരുന്നു. വീടിന്റെ മുൻവശത്തെ വാതിലിലും ചവിട്ടിയിലും തീ പടരുന്നതു ശ്രദ്ധയിൽപെട്ട മറിയ മകളെ വിളിച്ചു വിവരം പറഞ്ഞു. മകന്‍ വീടിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഒടുവിൽ മേൽക്കൂര പൊളിച്ചു പുറത്തിറങ്ങി വാതിൽ തുറക്കുകയായിരുന്നു. തീ കാര്യമായി പടരാത്തതിനാൽ ദുരന്തം ഒഴിവായി. വീട്ടുകാർ വിവരമറിയിച്ചതോടെ മങ്കര പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണു ശുചിമുറിയിൽ കൈ മുറിച്ച നിലയിൽ ഫാറൂഖിനെ കണ്ടെത്തിയത്. അബോധാവസ്ഥയിലായ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.