ഒരു കടമ്പ കൂടി കടന്ന് ബെംഗളൂരു വന്ദേഭാരത്; എറണാകുളം – ബെംഗളൂരു വന്ദേഭാരത് സർവീസ് പ്രായോഗികമെന്ന് റിപ്പോർട്ട്
Mail This Article
പാലക്കാട് ∙ എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് പ്രായോഗികമെന്ന് ഒാപ്പറേഷൻ, മെക്കാനിക്കൽ വിഭാഗങ്ങൾ ദക്ഷിണ റെയിൽവേക്കു റിപ്പോർട്ട് നൽകി. എട്ടു കോച്ചുകളുള്ള ട്രെയിൻ ആഴ്ചയിൽ 3 ദിവസം എക്സ്പ്രസ് സ്പെഷൽ സർവീസ് നടത്താമെന്നാണു നിർദേശം.
ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്കു രണ്ടിന് എറണാകുളത്തു നിന്നു പുറപ്പെട്ടു പാലക്കാട് വഴി രാത്രി 10.50നു ബെംഗളൂരുവിലും പിറ്റേന്നു പുലർച്ചെ 4.30നു ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.20ന് എറണാകുളത്തും എത്തുന്ന രീതിയിൽ താൽക്കാലിക സമയക്രമം നിർദേശിച്ചതായാണു വിവരം. മാസങ്ങൾക്കു മുൻപു കേരളത്തിലെത്തിയ ട്രെയിൻ റേക്ക് സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടുപോകുന്നതു രാഷ്ട്രീയ ചർച്ചയായതോടെ റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണു സർവീസിന്റെ പ്രായോഗികത പരിശോധിച്ചത്. അറ്റകുറ്റപ്പണിക്ക് എറണാകുളത്തു സൗകര്യമുണ്ട്. റിപ്പോർട്ട് അടിസ്ഥാനമാക്കി റെയിൽവേ ബോർഡാണു തീരുമാനിക്കേണ്ടത്.