സിപിഎമ്മിലെ മുഖ്യമന്ത്രി വിമർശനം: നേതൃത്വത്തിൽ ഭിന്നത
Mail This Article
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു തോൽവിക്കു ശേഷം മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന വിമർശനങ്ങളുടെ പേരിൽ സിപിഎമ്മിൽ ഭിന്നത ഉരുണ്ടുകൂടി. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ പുറത്തുവരുന്നതും സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ചു കമ്മിറ്റികളിൽ പങ്കെടുക്കുന്ന നേതാക്കളിൽ ചിലർ വിമർശനങ്ങളെ വേണ്ടവിധം എതിർക്കാത്തതും യാദൃച്ഛികമല്ലെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കൾ പങ്കുവച്ചു തുടങ്ങി.
പിണറായി വിജയനെതിരെ ബോധപൂർവമായ നീക്കം പാർട്ടിയിൽ നടക്കുന്നുവെന്ന സംശയം ഒരു വിഭാഗം നേതാക്കൾക്കുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും സംസ്ഥാനകമ്മിറ്റി ഞായർ, തിങ്കൾ ദിവസങ്ങളിലുമായി ചേരുന്നത് ഈ പശ്ചാത്തലത്തിലാണ്. സർക്കാരിനുള്ള പാർട്ടി മാർഗരേഖയാണ് അജൻഡ. മന്ത്രിസഭാ പുനഃസംഘടനാ സാധ്യത അഭ്യൂഹങ്ങളിൽ ഉണ്ടെങ്കിലും നേതാക്കൾ നിഷേധിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ഒറ്റ സീറ്റിൽ ഒതുങ്ങേണ്ടിവന്നതിന്റെ കാരണങ്ങളിൽ പ്രധാനം ഭരണവിരുദ്ധ വികാരമാണെന്ന് കേന്ദ്ര–സംസ്ഥാന കമ്മിറ്റികൾ വിലയിരുത്തിയതിന്റെ പിന്നാലെ സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റികളിലും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ വിമർശനം ഉയർന്നിരുന്നു. നടന്നുവരുന്ന ഏരിയ കമ്മിറ്റി യോഗങ്ങളിലും കടുത്ത ആക്ഷേപങ്ങളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഉയരുന്നത്.
ഈ വിമർശനങ്ങൾ ആസൂത്രിതമാണെന്ന ആക്ഷേപം മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവർക്കില്ല. എന്നാൽ, പാർട്ടി–ഭരണ നേതൃത്വങ്ങൾക്കെതിരെ കൂട്ടായ വിമർശനം ഉയരുന്ന യോഗങ്ങളിൽനിന്നു പുറത്തുവരുന്ന വാർത്തകൾ പിണറായിക്കെതിരെ മാത്രം ഉള്ളതാണെന്നത് അവരെ അലോസരപ്പെടുത്തുന്നു. ആക്ഷേപങ്ങൾ നിയന്ത്രിക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുന്ന മനോഭാവം ചില നേതാക്കൾ പ്രകടിപ്പിക്കുന്നു എന്ന വിലയിരുത്തലുമുണ്ട്.
ഒന്ന്, രണ്ട് പിണറായി സർക്കാരുകൾക്കായി സംസ്ഥാന കമ്മിറ്റി മാർഗരേഖ തയാറാക്കിയിരുന്നെങ്കിലും അതിലെ നിർദേശങ്ങൾ നടപ്പിലാക്കിയില്ലെന്നു കൂടി വിലയിരുത്തിയാണ് പുതിയ മാർഗരേഖ സെക്രട്ടേറിയറ്റ് തയാറാക്കുന്നത്. ഭരണ മുൻഗണനകൾ ഇതിൽ പ്രതിപാദിക്കും. സിപിഎം വകുപ്പുകളുടെ പ്രവർത്തനം സംബന്ധിച്ച അടിക്കടിയുള്ള വിലയിരുത്തലുകളിലേക്കും പാർട്ടി കടക്കും.
പിഎസ്‌സിയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ഉണ്ടായ വിവാദം പാർട്ടിയിലെ ജീർണതകളിലേക്കുകൂടി വിരൽ ചൂണ്ടുന്നതായതിനാൽ തിരുത്തൽ സർക്കാരിൽ മാത്രം പോരാ, പാർട്ടി സംഘടനയിലും വേണമെന്ന അഭിപ്രായവും നേതൃത്വത്തിലുണ്ട്. പിഎസ്‌സി അംഗത്വം ലഭിക്കാൻ കോഴ എന്ന പ്രചാരണമാണു പുറത്തുനടന്നതെങ്കിലും പിഎസ്‌സി റാങ്ക് പട്ടികയിൽ കയറിപ്പറ്റാൻ പണം വാങ്ങിയെന്ന പരാതിയാണു പാർട്ടിക്കു മുന്നിലെത്തിയത് എന്നറിയുന്നു. രണ്ടായാലും ഗുരുതര വീഴ്ചയും നാണക്കേടുമായതിനാലാണ് പരാതി എന്താണെന്നു വ്യക്തമാക്കാൻ സിപിഎം മടിച്ചതും.