മാലിന്യദുരന്തം: പാളിപ്പോയ നടപടികൾ പാഠമായി; വീണ്ടും വരുന്നു പ്ലാസ്റ്റിക് റെയ്ഡ്
Mail This Article
തിരുവനന്തപുരം ∙ പലവട്ടം നടപ്പാക്കിയിട്ടും പാളിപ്പോയ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും ഉൽപന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. തിരുവനന്തപുരം കോർപറേഷനിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസും ഉൾപ്പെടുന്ന സ്ക്വാഡ് ഇന്നുമുതൽ പരിശോധന തുടങ്ങും. സമാന സ്ക്വാഡുകൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും രൂപീകരിക്കും. തലസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടി ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളി മരിച്ച സംഭവമാണു നിരോധനം കർശനമായി നടപ്പാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
2020 ജനുവരിയിൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയെങ്കിലും നിരോധിത പ്ലാസ്റ്റിക് ഇപ്പോഴും സുലഭമാണ്. കേരളത്തിൽ ഉൽപാദനമില്ലെങ്കിലും ഇതര സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് ഇവ ഒഴുകുകയാണ്. പരിശോധനയുള്ളപ്പോൾ പൂഴ്ത്തിവയ്ക്കുകയും അല്ലാത്തപ്പോൾ വിൽക്കുകയും ചെയ്യുന്നതാണു രീതി.
തുടർച്ചയായി 3 തവണ നിരോധിത ഉൽപന്നങ്ങൾ കണ്ടെത്തിയാൽ 50,000 രൂപ പിഴയും കടയുടെ ലൈസൻസ് റദ്ദാക്കലുമാണു ശിക്ഷ. മാലിന്യം ശേഖരിക്കുന്ന അനധികൃത ഏജൻസികളെ കണ്ടെത്തി നടപടി സ്വീകരിക്കും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം പൊതുസ്ഥലത്തു തള്ളുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കും. ഇവർക്കു മാലിന്യം നൽകുന്നവരിൽനിന്നു 10,000 രൂപ പിഴ ഇൗടാക്കും.
ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക് ഉൽപന്നങ്ങളാണു നിരോധിച്ചിട്ടുള്ളത്.
പുനരുപയോഗം സാധ്യമല്ലാത്തതാണിവ. കാലങ്ങളോളം നശിക്കാതെ കിടക്കുന്നതിനാൽ പരിസ്ഥിതിക്കു വൻ ആഘാതമാണു നിരോധിത പ്ലാസ്റ്റിക് സൃഷ്ടിക്കുന്നത്.
നിരോധനം എന്തിനൊക്കെ ?
പ്ലാസ്റ്റിക് കൊണ്ടുള്ള ക്യാരിബാഗ്, ഷോപ്പിങ് ബാഗ്, പ്ലാസ്റ്റിക് ഗ്ലാസ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റ്, സ്ട്രോ, ഇല, സ്പൂൺ, തെർമോക്കോളോ സ്റ്റിറോഫോമോ ഉപയോഗിച്ചു നിർമിച്ച പ്ലേറ്റ്, കപ്പ്, അലങ്കാര വസ്തുക്കൾ, 500 മില്ലിലീറ്ററിൽ താഴെ ശുദ്ധജലം പാക്ക് ചെയ്ത കുപ്പി, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, പിവിസി ഫ്ലെക്സ് വസ്തുക്കൾ, പ്ലാസ്റ്റിക് ആവരണമുള്ള തുണികൾ.