തടവുകാരുടെ പട്ടിക ചോർന്നതിൽ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം
Mail This Article
തിരുവനന്തപുരം∙ ടിപി കേസ് പ്രതികൾക്ക് അനർഹമായി ശിക്ഷയിളവു നൽകാനുള്ള നീക്കം വിവാദമായതിനു പിന്നാലെ ഇളവിനുള്ള തടവുകാരുടെ പട്ടിക മാധ്യമങ്ങൾക്കു ചോർന്നതിൽ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്കു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു നൽകിയ തടവുകാരുടെ പട്ടിക ചോർന്നതെങ്ങനെയെന്നു കണ്ണൂർ ഡിഐജി അന്വേഷിക്കും. വിവാദത്തെക്കുറിച്ചു ജയിൽ മേധാവിക്കു കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് നൽകിയ വിശദീകരണക്കുറിപ്പു ചോർന്നതിനെക്കുറിച്ചു ജയിൽ ആസ്ഥാന ഡിഐജിയും അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണു നിർദേശം. നേരത്തേ ഈ വിഷയത്തിൽ പൊലീസ് സ്പെഷൽ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തി ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു.
20 വർഷത്തേക്കു ശിക്ഷയിളവു നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കുമ്പോഴാണ് ടിപി കേസ് പ്രതികളായ ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സിജിത്ത് എന്നിവരെ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം പ്രമാണിച്ചു പ്രത്യേക ശിക്ഷയിളവു നൽകുന്നതിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയത്.