കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരുടെ സംസ്കാരം നടത്തി
Mail This Article
എടത്വ ∙ കുവൈത്ത് അബ്ബാസിയായിൽ ഫ്ലാറ്റിൽ ഉണ്ടായ അഗ്നിബാധയിൽ വിഷപ്പുക ശ്വസിച്ച് മരിച്ച തലവടി നീരേറ്റുപുറം മുളയ്ക്കൽ മാത്യൂസ് വർഗീസ് മുളയ്ക്കൽ (40), ഭാര്യ ലിനി ഏലിയാമ്മ (39), മക്കളായ എട്ടാം ക്ലാസ് വിദ്യാർഥി ഐറിൻ റേച്ചൽ മാത്യൂസ് (14), നാലാം ക്ലാസ് വിദ്യാർഥി ഐസക് മാത്യൂസ് മുളയ്ക്കൽ (10) എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. വീട്ടിലും പള്ളിയിലുമായി ആയിരക്കണക്കിനാളുകൾ അന്ത്യാഞ്‍ജലി അർപ്പിച്ചു.
23ന് നാട്ടിലെത്തിച്ച മൃതദേഹങ്ങൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നോടെ മൃതദേഹങ്ങൾ 4 ആംബുലൻസുകളിലായി വീട്ടിലേക്ക് എത്തിച്ചു.
വീട്ടിലെ അന്ത്യകർമങ്ങൾക്കു ശേഷം 8.30 ന് ഇടവക പള്ളിയായ തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിൽ എത്തിച്ചു.
ഇവിടെ പൊതുദർശനത്തിനു ശേഷം 12.15 ന് മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.
ഡോ. യുയാക്കിം മാർ കൂറിലോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, മാത്യൂസ് മാർ സെറാഫിം , മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ് ഡോ. തോമസ് ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.