മുട്ടിൽ മരംമുറി കേസ്: സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
Mail This Article
കൊച്ചി∙ മുട്ടിൽ മരംമുറി കേസിൽ മീനങ്ങാടി പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യപ്രതികളിൽ ഒരാളായ റോജി അഗസ്റ്റിൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പട്ടയഭൂമിയിലെ മരങ്ങൾ സർക്കാരിൽ നിക്ഷിപ്തമാണോ എന്നു കോടതി ആരാഞ്ഞു.
2020 നവംബർ– ഡിസംബറിൽ മുട്ടിൽ സൗത്ത് വില്ലേജിൽ ഭൂമി പതിച്ചു കിട്ടിയ 41 ഭൂഉടമകളിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്നാണു കേസ്. പട്ടയ ഭൂമിയിൽ നിന്ന് 8 കോടി രൂപയുടെ മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് ആക്ഷേപം. പൊലീസ് 2024 ഏപ്രിൽ 1ന് അന്തിമ റിപ്പോർട്ട് നൽകിയ കേസ് ഇപ്പോൾ ബത്തേരി മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലാണ്.
മരങ്ങൾ മുറിച്ചെടുത്ത ഭൂമി വിജ്ഞാപനം ചെയ്യപ്പെട്ടതല്ലെന്നും വനഭൂമി അല്ലെന്നും വനം നിയമത്തിന്റെ ലംഘനമില്ലെന്നും ഹർജിയിൽ പറയുന്നു. ചന്ദനം ഒഴികെ മരങ്ങൾ പട്ടയ ഭൂമിയിൽ നിന്നു മുറിച്ചു വിൽക്കാൻ ഉടമകൾക്ക് അനുമതി നൽകി സർക്കാർ 2020ൽ സർക്കുലർ ഇറക്കിയിരുന്നു. പണം നൽകിയാണ് ഉടമകളിൽ നിന്നു മരം വാങ്ങിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.