സഹകരണ ഭേദഗതി നിയമം ചട്ടങ്ങളായില്ല; വലഞ്ഞ് നിക്ഷേപകർ
Mail This Article
കോഴിക്കോട് ∙ നിക്ഷേപം തിരിച്ചു കൊടുക്കാൻ കഴിയാതെ പ്രതിസന്ധിയിലായ 271 സഹകരണ സംഘങ്ങളും അവയിലെ ആയിരക്കണക്കിനു നിക്ഷേപകരും സഹകരണ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ തയാറാക്കുന്നതിനായുള്ള കാത്തിരിപ്പു തുടരുന്നു. ചട്ടം രൂപീകരിച്ചു നിയമം നടപ്പാക്കിത്തുടങ്ങിയാൽ ഇവർക്കു പണം തിരികെ കിട്ടാൻ വഴിയൊരുങ്ങും.
2022 ൽ അവതരിപ്പിച്ച ബിൽ 2023 ൽ നിയമസഭ പാസാക്കിയെങ്കിലും മാസങ്ങളോളം പിടിച്ചുവച്ചശേഷം ഗവർണർ കഴിഞ്ഞ മേയിലാണ് ഒപ്പിട്ടത്. ചട്ടങ്ങളുടെ കരട് ഉടൻ പ്രസിദ്ധീകരിക്കുമെന്നും ആക്ഷേപങ്ങൾ അറിയിക്കാൻ 15 ദിവസം നൽകി അന്തിമ ചട്ടം പ്രാബല്യത്തിൽ വരുമെന്നുമാണു സഹകരണ വകുപ്പിന്റെ വിശദീകരണം.
271 സംഘങ്ങളിലായി 500 കോടിയോളം രൂപയാണു നിക്ഷേപകർക്കു തിരികെക്കിട്ടാനുള്ളത്. നഷ്ടത്തിലായ സംഘങ്ങളും തട്ടിപ്പു നടന്ന സംഘങ്ങളും ഈ കൂട്ടത്തിലുണ്ട്. കരുവന്നൂർ പോലെ വലിയ തട്ടിപ്പുണ്ടായ സംഘങ്ങളിൽ നിക്ഷേപകർക്കു പണം തിരികെ നൽകാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും മറ്റു പലയിടങ്ങളിലും അതുണ്ടായിട്ടില്ല.
നിലവിൽ 1000 കോടി രൂപയിലേറെ കരുതൽ ധനമായി സൂക്ഷിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ഭാഗം ഉപയോഗിച്ചു നിക്ഷേപകരുടെ തുക പെട്ടെന്നു തിരികെ നൽകാനാകും. പ്രതിസന്ധിയിലായ സംഘത്തിന്റെ ഭരണസമിതിയെ നിലനിർത്തിയോ പിരിച്ചുവിട്ടോ റജിസ്ട്രാർക്കു സംഘത്തെ സഹായിക്കാനാകുമെന്നാണ് ഭേദഗതി നിയമത്തിലെ പരിഷ്കാരം. സംഘം ലാഭത്തിലാകുന്നതു വരെ സ്വർണവായ്പ മാത്രമേ നൽകാൻ കഴിയൂ. ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ പകുതി മാത്രമേ ലഭിക്കൂ തുടങ്ങിയ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.