എഡിജിപിയുടെ സർക്കുലർ: പൊലീസ് തലപ്പത്ത് ‘മാനസികസമ്മർദം’
Mail This Article
തിരുവനന്തപുരം ∙ പൊലീസിലെ മാനസികസമ്മർദം കുറയ്ക്കാൻ നിർദേശങ്ങളും നടപടികളുമായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാർ ഓഫിസർമാർക്കു സർക്കുലർ അയച്ചതിനെത്തുടർന്ന് സേനയുടെ തലപ്പത്തു ‘മാനസികസമ്മർദം’. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് വിദേശയാത്ര നടത്തുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് അജിത്കുമാർ സർക്കുലർ ഇറക്കിയത്. യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ഡിജിപി ഇന്നലെ പുതിയ ഉത്തരവിറക്കി.
അജിത്കുമാറിന്റെ സർക്കുലർ പരാമർശിക്കാതെ, ഇനി യൂണിറ്റ് മേധാവികളും മറ്റ് ഓഫിസർമാരും സർക്കുലർ ഇറക്കരുതെന്ന കർശന ഉത്തരവാണ് ഡിജിപി പുറപ്പെടുവിച്ചത്. പ്രധാന വിഷയങ്ങളിൽ പൊലീസ് മേധാവിയുടെ അനുമതിയോടെ പൊലീസ് ആസ്ഥാനത്തുനിന്നു മാത്രമേ സർക്കുലറോ നിർദേശങ്ങളോ പുറപ്പെടുവിക്കാവൂവെന്ന് ഡിജിപിയുടെ ഉത്തരവിലുണ്ട്. ദൈനംദിന കാര്യങ്ങളിൽ മാത്രമേ യൂണിറ്റ് മേധാവികളോ മറ്റ് ഓഫിസർമാരോ സർക്കുലർ ഇറക്കാവൂവെന്നും നിർദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചകളിൽ സ്റ്റേഷനുകളിൽ വനിതാ പൊലീസ് അംഗങ്ങളും പൊലീസ് അസോസിയേഷൻ പ്രതിനിധികളും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തിൽ കുടുംബകാര്യങ്ങളും പ്രശ്നങ്ങളുമൊക്കെ അവതരിപ്പിക്കാമെന്നതായിരുന്നു എഡിജിപിയുടെ സർക്കുലറിലെ പ്രധാന നിർദേശം. ഇതു ജില്ലാ പൊലീസ് മേധാവികൾക്കയച്ച് പ്രശ്നങ്ങളിൽ 7 ദിവസത്തിനകം പരിഹാരം കാണണം. ജില്ലാ പൊലീസ് മേധാവികൾ പരാതിയും നടപടിയുമുൾപ്പെടെ എഡിജിപിക്ക് അയയ്ക്കണം. പ്രശ്നപരിഹാരമായില്ലെങ്കിൽ എഡിജിപിയുടെ ഓഫിസിൽനിന്ന് എല്ലാ വെള്ളിയാഴ്ചയും ഓൺലൈൻ യോഗത്തിലൂടെ പരിഹരിക്കും. സംസ്ഥാനത്തെ ഏതു പൊലീസ് ഉദ്യോഗസ്ഥനും ഡ്യൂട്ടിയിൽത്തന്നെ തിരുവനന്തപുരത്തെത്തി ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയെ നേരിട്ടുകണ്ട് കാര്യങ്ങൾ പറയാമെന്നും സർക്കുലറിലുണ്ടായിരുന്നു.