ADVERTISEMENT

ന്യൂഡൽഹി ∙ പിഎം സൂര്യഭവനം പദ്ധതിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിച്ച സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ 5 മാസത്തിനിടെ സ്ഥാപിച്ച 2.39 ലക്ഷം പ്ലാന്റുകളിൽ 23,468 എണ്ണം കേരളത്തിലാണെന്ന് പദ്ധതിയുടെ നടത്തിപ്പുചുമതലയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആർഇസി ലിമിറ്റഡ് അറിയിച്ചു.

  • Also Read

1.25 ലക്ഷം പ്ലാന്റ് സ്ഥാപിച്ച ഗുജറാത്താണ് ഒന്നാമത്. രണ്ടാമത് മഹാരാഷ്ട്ര, 34,088 പ്ലാന്റുകൾ. 2.39 ലക്ഷം പ്ലാന്റുകൾ സ്ഥാപിച്ചതിലൂടെ 900 മെഗാവാട്ട് ശേഷിയാണ് കൂട്ടിച്ചേർക്കപ്പെട്ടത്. കേരളത്തിൽനിന്ന് 59,231 അപേക്ഷകളാണു ലഭിച്ചത്. ഓഗസ്റ്റിൽ രാജ്യമാകെ 5 ലക്ഷം പ്ലാന്റ് സ്ഥാപിക്കുകയാണു ലക്ഷ്യം.

രാജ്യമാകെ ഇൻസ്റ്റാൾ ചെയ്ത പ്ലാന്റുകളിൽ 70 ശതമാനവും 2 – 3 കിലോവാട്ട് ഉള്ളതാണ്. 10 ശതമാനത്തോളം പ്ലാന്റുകൾ 2 കിലോവാട്ട് വരെയുള്ളതും ബാക്കി 3 കിലോവാട്ടിനു മുകളിലുള്ളതുമാണെന്ന് ആർഇസി പ്രോജക്ട്സ് ‍ഡയറക്ടർ വി.കെ.സിങ് ‘മനോരമ’യോടു പറഞ്ഞു. പ്രതിദിനം 3,000 – 4,000 പ്ലാന്റുകളാണ് ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യുന്നത്. ഇത് 6,000 ആക്കി ഉയർത്തും. റജിസ്ട്രേഷൻ പോർട്ടലിന്റെ സാങ്കേതികത്തകരാർ ഉടൻ പരിഹരിക്കുമെന്നും വ്യക്തമാക്കി.

സോളർ വെൻഡർമാർക്ക് റേറ്റിങ് വരുന്നു

ന്യൂഡൽഹി ∙ പിഎം സൂര്യഭവനം പദ്ധതിയിൽ സോളർ പ്ലാന്റ് സ്ഥാപിക്കുന്ന ഏജൻസികൾക്ക് (വെൻഡർ) റേറ്റിങ് വരുന്നു. ഇതിനുള്ള മാർഗരേഖ കേന്ദ്രം പുറത്തിറക്കി. ഇൻസ്റ്റലേഷനിലെ ഗുണനിലവാരം, സേവനം അടക്കമുള്ളവ വിലയിരുത്തി മികച്ച ഏജൻസിയെ തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് അവസരം ലഭിക്കും.

50 സോളർ പ്ലാന്റുകൾ എങ്കിലും സ്ഥാപിച്ച ഏജൻസികൾക്കു മാത്രമേ റേറ്റിങ്ങിന്റെ ഭാഗമാകാനാകൂ. ഉപയോക്താവ് നൽകുന്ന ഫീഡ്ബാക്ക്, ഗുണനിലവാര പരിശോധന അടക്കമുള്ളവ കണക്കിലെടുത്താകും അന്തിമ റേറ്റിങ് തീരുമാനിക്കുക.

English Summary:

Kerala ranks third among states installed highest number of Roof top solar plants in country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com