ADVERTISEMENT

തിരുവനന്തപുരം ∙ പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിനു നിരക്കു കുറയ്ക്കാൻ കെഎസ്ഇബി നീക്കം. നിരക്കു പരിഷ്കരണത്തിനായി ഓഗസ്റ്റിൽ നൽകുന്ന ശുപാർശയിൽ ഈ നിർദേശവും ഉൾപ്പെടുത്തുമെന്നാണു വിവരം. വിവിധ സമയക്രമമനുസരിച്ചു വൈദ്യുതി ഉപയോഗിക്കുന്നതിനു പ്രത്യേക താരിഫ് ഉള്ള (ടൈം ഓഫ് ദ് ഡേ–ടിഒഡി) ഗാർഹിക ഉപയോക്താക്കൾക്കും വ്യാവസായിക ഉപയോക്താക്കൾക്കും നിരക്കു കുറയും. മാസത്തിൽ 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരെയാണു നിലവിൽ ടിഒഡി താരിഫിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 200 യൂണിറ്റായി കുറയ്ക്കാനും ആലോചനയുണ്ട്. പകൽ സൗരോ‍ർജ ഉൽപാദനം വർധിക്കുന്ന സാഹചര്യം പരിഗണിച്ചാണു നിരക്കു കുറയ്ക്കാൻ ആലോചിക്കുന്നത്. രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള ഓഫ് പീക്ക് സമയത്തെ വൈദ്യുതി നിരക്കു വർധിപ്പിക്കും. ഈ സമയം ഇലക്ട്രിക് വാഹന ചാർജിങ് വർധിച്ചതോടെ വൈദ്യുതി ഉപയോഗം കൂടിയ സാഹചര്യം പരിഗണിച്ചാണു നിരക്കുവർധന. ഈ പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ ഓഫിസുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യം ഏർപ്പെടുത്താൻ കെഎസ്ഇബി ശുപാർശ ചെയ്യും. സ്വകാര്യ സ്ഥാപനങ്ങളിലും ഈ സൗകര്യം ഏർപ്പെടുത്താൻ ശുപാർശയുണ്ട്. 

1000 മെഗാവാട്ട് വാങ്ങാൻ ടെൻഡർ 

സംസ്ഥാനത്തു വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യത്തിൽ 1000 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ടെൻഡർ ക്ഷണിക്കും. 500 മെഗാവാട്ട് വൈദ്യുതി 15 വർഷത്തേക്കു വാങ്ങാനുള്ള കരാർ തയാറാക്കാൻ പവർ ഫിനാൻസ് കോർപറേഷനുമായി (പിഎഫ്സി) കെഎസ്ഇബി ധാരണയായി. ഇതിന് ഏകദേശം 30 ലക്ഷം രൂപയാണു പിഎഫ്സിക്കു നൽകേണ്ടത്. കുറഞ്ഞ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ പുനഃസ്ഥാപിച്ച നടപടി വൈദ്യുതി അപ്‌ലറ്റ് ട്രൈബ്യൂണൽ റദ്ദാക്കിയതിനെത്തുടർന്ന് ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകി. ട്രൈബ്യൂണൽ വിധിക്കെതിരെ കെഎസ്ഇബി സുപ്രീം കോടതിയെ സമീപിക്കുമെങ്കിലും ഇക്കാര്യത്തിൽ വിധി വരാൻ കാലതാമസമുണ്ടാകുമെന്നു കണ്ടാണു പുതിയ ടെൻഡറിലേക്കു കടക്കുന്നത്. അതോടൊപ്പം ആവശ്യകതയനുസരിച്ചു വൈദ്യുതി വാങ്ങുന്ന കോൾ ലിങ്ക്ഡ് പവർ പർച്ചേസ് സംവിധാനം വഴി 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനെയും സമീപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ അംഗീകാരം നൽകുന്നതനുസരിച്ച് ടെൻഡർ നൽകി വൈദ്യുതി വാങ്ങാൻ കഴിയും. അതോടൊപ്പം 2025 ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ ഓരോ മാസത്തേക്കും ഹ്രസ്വകാല വൈദ്യുതി കരാറുകളിൽ ഏർപ്പെടാനും തീരുമാനമായിട്ടുണ്ട്. 

3 ലക്ഷം സ്മാർട് മീറ്ററിന് കെഎസ്ഇബി ടെൻഡർ 

സ്മാർട് മീറ്റർ പദ്ധതിക്കായി കെഎസ്ഇബി ടെൻഡർ ക്ഷണിച്ചു. ടെൻഡർ നടപടികൾക്കു തുടക്കമിട്ടു നാളെ വൈകിട്ട് അഞ്ചിനു രേഖകൾ സംസ്ഥാന സർക്കാരിന്റെ ഇ–ടെൻഡർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതിനു മുന്നോടിയായി കെഎസ്ഇബി ടെൻഡർ നോട്ടിസ് പ്രസിദ്ധീകരിച്ചു. സ്മാർട് മീറ്റർ വിതരണം, സ്ഥാപിക്കൽ, സിസ്റ്റം ഇന്റഗ്രേഷൻ, സ്മാർട് മീറ്റർ പ്രവർത്തിപ്പിക്കലും അറ്റകുറ്റപ്പണികളും, ഹെഡ് എൻഡ് സിസ്റ്റം സോഫ്റ്റ്‌‌വെയർ തുടങ്ങിയവ ചെയ്യാൻ തയാറുള്ള സ്ഥാപനങ്ങളിൽനിന്നാണു ടെൻഡർ ക്ഷണിക്കുന്നത്. സെപ്റ്റംബർ 9 വരെ ബിഡ് സമർപ്പിക്കാം. അതിനു മുന്നോടിയായി ഓഗസ്റ്റ് 12നു പ്രീ ബിഡ് യോഗമുണ്ടാകും. സെപ്റ്റംബർ 12നു ടെക്നിക്കൽ ബിഡ് തുറക്കും. 18 മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കുകയും 6 വർഷം പ്രവർത്തിപ്പിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും വേണമെന്നാണു വ്യവസ്ഥ. 3 ലക്ഷം സ്മാർട് മീറ്ററുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്കു രണ്ടാം ഘട്ടത്തിൽ സ്മാർട് മീറ്റർ സ്ഥാപിക്കും. ഏകദേശം 217 കോടി രൂപയാണ് അടങ്കൽ തുക. 

English Summary:

KSEB to Slash Daytime Electricity Rates in Upcoming August Revision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com