‘കുറിയർ’ നടിച്ച് വീട്ടിലെത്തിയ സ്ത്രീ യുവതിക്കു നേരെ വെടിയുതിർത്തു
Mail This Article
തിരുവനന്തപുരം ∙ നഗരമധ്യത്തിലെ വീട്ടിൽ എയർ പിസ്റ്റൾ കൊണ്ട് വെടിയേറ്റ് നാഷനൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) ഉദ്യോഗസ്ഥയ്ക്കു പരുക്ക്. കുറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ചെത്തിയ സ്ത്രീയാണ് ആക്രമണം നടത്തിയത്. കൈവെള്ളയിൽ പെല്ലറ്റ് തുളഞ്ഞുകയറി പരുക്കേറ്റ വഞ്ചിയൂർ പാൽക്കുളങ്ങര ചെമ്പകശേരി ലെയ്ൻ പങ്കജിൽ ഷിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ രാവിലെ 8.30ന് ഷിനിയുടെ ഭർത്താവ് സുജീതിന്റെ പിതാവ് ഭാസ്കരൻ നായരുടെയും ബന്ധുക്കളുടെയും കൺമുന്നിലായിരുന്നു ആക്രമണം. എൻഎച്ച്എം പിആർഒ ആയ ഷിനിക്കു കുറിയറുണ്ടെന്നു പറഞ്ഞാണ് അജ്ഞാത വീട്ടിലെത്തിയത്. പത്രം വായിക്കുകയായിരുന്ന ഭാസ്കരൻ നായർ കുറിയർ കൈപ്പറ്റാൻ ശ്രമിച്ചെങ്കിലും റജിസ്റ്റേഡ് ആയതിനാൽ ഷിനി ഒപ്പിടണമെന്ന് അവർ ആവശ്യപ്പെട്ടു. തുടർന്ന് കുറിയർ, ഷിനി ഒപ്പിട്ടു വാങ്ങാൻ തുടങ്ങിയപ്പോൾ അക്രമി കോട്ടിലെ പോക്കറ്റിൽ നിന്ന് എയർ പിസ്റ്റൾ എടുത്ത് വെടിയുതിർക്കുകയായിരുന്നു. ആദ്യത്തെ രണ്ടു വെടി ശരീരത്തിൽ കൊണ്ടില്ല. മൂന്നാമതും വെടി വയ്ക്കാനൊരുങ്ങിയപ്പോൾ ഷിനി തോക്കു പിടിച്ചു മാറ്റാൻ ശ്രമിച്ചു. തുടർന്നാണ് കയ്യിൽ വെടിയേറ്റത്. വീട്ടുകാർ നിലവിളിച്ചതോടെ അക്രമി കടന്നുകളഞ്ഞു.
ഇവർ എത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും നമ്പർ വ്യാജമാണെന്നു കണ്ടെത്തി. ശാസ്ത്രീയ പരിശോധനാ വിദഗ്ധരും പൊലീസിന്റെ ആയുധ വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു . വീട്ടിലെ കോളിങ് ബെല്ലിലെ സ്വിച്ചിൽ നിന്ന് അക്രമിയുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്. പെല്ലറ്റിന്റെ ഭാഗങ്ങളും വീട്ടിൽ നിന്നു കണ്ടെത്തി. സാധാരണ തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടയ്ക്കു (ബുള്ളറ്റ്) പകരം എയർ ഗണ്ണുകളിലും എയർ പിസ്റ്റളുകളിലുമുള്ളത് പെല്ലറ്റുകളാണ്. ബുള്ളറ്റിനെ അപേക്ഷിച്ച് അപകടം കുറവാണെങ്കിലും അടുത്തു നിന്ന് വെടിയേറ്റാൽ മരണം വരെ സംഭവിക്കാം. സംഭവം നടക്കുമ്പോൾ ഭാസ്കരൻ നായരുടെ ഭാര്യയും മകളും ഷിനിയുടെ മക്കളും വീട്ടിലുണ്ടായിരുന്നു.
രേഖാചിത്രം തയാറാക്കും
പ്രതിയായ അജ്ഞാത സ്ത്രീയെ കണ്ടെത്താൻ പൊലീസ് രേഖാചിത്രം തയാറാക്കും. മുഖം മറച്ചാണു പ്രതി എത്തിയതെങ്കിലും ഇവരുടെ കണ്ണുകളും മുഖഭാഗങ്ങളും ഷിനിയും ഭാസ്കരൻ നായരും കണ്ടിട്ടുണ്ട്. ഉയരവും കാഴ്ചയിൽ നല്ല ആരോഗ്യവുമുള്ള സ്ത്രീയാണ് അക്രമം നടത്തിയതെന്ന് ഭാസ്കരൻ നായർ പൊലീസിനു മൊഴി നൽകി. പ്രതി തിരികെ കാറിൽ കയറി പോകുന്നതും സമീപത്തെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 8.17നും 8.30നും ഇടയിലുള്ള സമയം ചെമ്പകശേരിയിൽ ഭാഗത്ത് സജീവമായിരുന്ന മൊബൈലുകളിൽ നിന്ന് ഇവരുടെ നമ്പർ കണ്ടെത്താൻ അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായം തേടി.