സഹകരണ നിയമ ഭേദഗതി: ചട്ടങ്ങൾ പ്രസിദ്ധീകരിച്ചു; വായ്പയ്ക്ക് കർശന വ്യവസ്ഥകൾ
Mail This Article
കോഴിക്കോട് ∙ വായ്പ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയും 10 ലക്ഷത്തിനു മുകളിലുള്ള വായ്പകൾക്കു പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയും സഹകരണ ഭേദഗതി നിയമത്തിന്റെ ചട്ടം സർക്കാർ പുറത്തിറക്കി. 10 ലക്ഷത്തിനു മുകളിലുള്ള വായ്പകളിൽ ബാങ്ക് ജീവനക്കാർക്ക് പകരം 5 അംഗ സമിതിയാകും ഇനി ആസ്തിയുടെ മൂല്യനിർണയം നടത്തുക. ഇവരുടെ പ്രതിഫലം ഉൾപ്പെടെയുള്ള ചെലവുകൾ വായ്പ എടുക്കുന്നയാൾ വഹിക്കണം. വായ്പ ലഭിക്കാനുള്ള ദൈർഘ്യവും വർധിക്കും. വായ്പക്കാരന്റെ തിരിച്ചടവ് ശേഷി കൂടി ഉറപ്പാക്കുന്നതിനാൽ സ്ഥിര വരുമാനക്കാർ അല്ലാത്തവർക്കു ഇനി സഹകരണ വായ്പ ലഭിക്കുന്നതിനു ബുദ്ധിമുട്ടാകും.
പ്രതിസന്ധിയിലായ സംഘങ്ങളെ രക്ഷിക്കാനും നിക്ഷേപകർക്കു പണം തിരികെ നൽകാനുമുള്ള പ്രത്യേക സ്കീം നടപ്പാക്കാനും ചട്ടം പുറത്തിറക്കിയതോടെ വഴിയൊരുങ്ങി. സംസ്ഥാനത്ത് 274 സംഘങ്ങളിലായി 500 കോടിയോളം രൂപയാണ് ഇങ്ങനെ നിക്ഷേപകർക്കു തിരിച്ചു കിട്ടാനുള്ളത്. 2023 ൽ നിയമസഭ പാസാക്കിയ നിയമം നടപ്പാക്കേണ്ടതിന്റെ മാർഗനിർദേശങ്ങൾ അടക്കമുള്ള കരടു ചട്ടമാണ് ഇന്നലെ പുറത്തിറക്കിയത്. ആക്ഷേപങ്ങളും നിർദേശങ്ങളും 15 ദിവസത്തിനുള്ളിൽ സഹകരണ വകുപ്പിനെ അറിയിക്കാം.
ജീവനക്കാരുടെ ബന്ധുക്കൾക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വിലക്ക് കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ജീവനക്കാരനെയോ ജീവനക്കാരിയെയോ കൂടാതെ ഇവരുടെ ജീവിതപങ്കാളികളുടെ ബന്ധുക്കളെയും ‘ബന്ധു’ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി. സഹകരണ സംഘങ്ങളിലെ ഭരണസമിതിയിലേക്ക് 3 തവണയിൽ കൂടുതൽ മത്സരിക്കുന്നതിനുള്ള വിലക്ക്, സംഘങ്ങളുടെ ലയനത്തിനുള്ള മൂന്നിൽ രണ്ടു ഭൂരിപക്ഷം എന്നുള്ളത് കേവല ഭൂരിപക്ഷം ആക്കിയത്, വായ്പ സംഘങ്ങൾക്കു കീഴിൽ മറ്റു വായ്പ ഇതര സംഘങ്ങൾ രൂപീകരിക്കുന്നതിനുള്ള വിലക്ക് എന്നിവ അടക്കം ബില്ലിൽ ഉൾപ്പെടുത്തിയ സുപ്രധാന മാറ്റങ്ങൾ നേരത്തെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
സ്ഥിരം സംഘം വേണം
റവന്യു വകുപ്പിൽ നിന്നു വിരമിച്ച ഡപ്യൂട്ടി തഹസിൽദാർ, റജിസ്ട്രേഷൻ വകുപ്പിൽ നിന്നു വിരമിച്ച സബ് റജിസ്ട്രാർ എന്നീ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥർ ഉൾപ്പെട്ട 5 അംഗ കമ്മിറ്റിയായിരിക്കണം ആസ്തികളുടെ മൂല്യനിർണയം നടത്തേണ്ടത്. വായ്പ നൽകുന്ന വസ്തുവിൽ കെട്ടിടമുണ്ടെങ്കിൽ പൊതുമരാമത്ത് വകുപ്പിൽ നിന്നോ തദ്ദേശ സ്ഥാപനത്തിൽ നിന്നോ അസി.എക്സിക്യൂട്ടീവ് എൻജിനീയർ റാങ്കിൽ കുറയാത്തവർ മൂല്യനിർണയം നടത്തണം. ഇത്തരത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരെ ഓരോ സംഘവും എം പാനൽ ചെയ്തു വയ്ക്കേണ്ടി വരും എന്നതു സംഘങ്ങൾക്കു തിരിച്ചടിയാകും.