കലക്ടറെ ബന്ദിയാക്കിയെന്ന കേസ്: 60 മലയോര കർഷകരെ കോടതി വിട്ടയച്ചു
Mail This Article
തൃശൂർ ∙ പട്ടയസമരവുമായി ബന്ധപ്പെട്ടു കലക്ടറെ ബന്ദിയാക്കിയെന്ന കേസിൽ പ്രതികളായ 60 മലയോര കർഷകരെ കോടതി വിട്ടയച്ചു. പ്രതികൾ കുറ്റം ചെയ്തെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഇന്ദു പി. രാജിന്റെ വിധി. സ്ത്രീകളടക്കം പ്രതികളായ കേസിൽ ശിക്ഷാഭീതി ഒഴിഞ്ഞതിന്റെ ആഹ്ലാദസൂചകമായി പ്രവർത്തകർ കോടതിക്കു മുന്നിൽ മധുരം വിതരണം ചെയ്തു.
60 കർഷകർ ഒന്നിച്ചു പ്രതിസ്ഥാനത്തു വന്ന അപൂർവതയുള്ള കേസായിരുന്നു. ഒല്ലൂർ മണ്ഡലത്തിലെ മലയോര കർഷകർക്കു പട്ടയം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു 2019ൽ മലയോര സംരക്ഷണ സമിതി പ്രവർത്തകർ കലക്ടർ എസ്. ഷാനവാസിനെ തടഞ്ഞുവയ്ക്കുകയും കലക്ടറേറ്റ് വളയുകയും ചെയ്തതു ജില്ലാഭരണകൂടത്തെയും പൊലീസിനെയും ഞെട്ടിച്ചു. പട്ടയം ലഭിക്കുംവരെ കലക്ടറെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. കലക്ടറെ അന്നു പിൻവാതിലിലൂടെയാണു പൊലീസ് പുറത്തെത്തിച്ചത്. സമരക്കാരെ അർധരാത്രി ബലപ്രയോഗത്തിലൂടെയാണു കലക്ടറേറ്റിൽ നിന്നു നീക്കിയത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ അടക്കം 6 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, അഡ്വ. വിജി ചാക്കോ എന്നിവർ ഹാജരായി.