ADVERTISEMENT

തിരുവനന്തപുരം ∙ പതിനാറാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞു കാട്ടാക്കട കുളത്തുമ്മലിലെ ചെറിയ വീട്ടിലേക്കു മടങ്ങിയ നിരാശയുടെ നാളുകളിൽ ജീവിച്ചിട്ടെന്തിന് എന്നായിരുന്നു ശ്യാംകുമാറിന്റെ ചിന്ത. ഉയരത്തിൽ നിന്നു ചാടി ജീവനൊടുക്കാൻ വരെ ആലോചിച്ചു. പക്ഷേ, ഉയരങ്ങളെക്കുറിച്ചുള്ള അന്വേഷണം മരണചിന്തയുടെ വക്കിൽ നിന്നു ലോക റെക്കോർഡിലേക്കാണ് ശ്യാമിനെ എടുത്തുയർത്തിയത്.കൃത്രിമക്കാലുമായി 13,000 അടി ഉയരത്തിൽ നിന്ന് ഒറ്റയ്ക്ക് സ്കൈ ഡൈവിങ് ചെയ്ത ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡാണ് 23കാരനായ ശ്യാം സ്വന്തമാക്കിയത്. കൃത്രിമക്കാലുമായി പാരാഗ്ലൈഡിങ് പൈലറ്റ് ലൈസൻസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി ശ്യാം.

കൂലിപ്പണി ചെയ്തിരുന്ന ശ്രീകുമാറിന്റെയും കലാധ്യാപികയായിരുന്ന സരളകുമാരിയുടെയും മൂത്ത മകനായ ശ്യാം ഒട്ടേറെ ശാരീരിക വെല്ലുവിളികളും ആരോഗ്യപ്രശ്നങ്ങളുമായാണു ജനിച്ചത്. വലതുകാൽ പിൻഭാഗത്തോട് ഒട്ടിച്ചേർന്ന വിധമായിരുന്നു. കൂടാതെ മൂത്രാശയസംബന്ധമായ പ്രശ്നങ്ങളും നട്ടെല്ലിൽ വളവും മുഴയും. ജനിച്ച് 19–ാം നാൾ മൂത്രതടസ്സം മാറ്റാനായിരുന്നു ആദ്യ ശസ്ത്രക്രിയ. പിൻഭാഗത്ത് ഒട്ടിയിരുന്ന കാലിലായിരുന്നു 2 മാസത്തിന് ശേഷം അടുത്ത ശസ്ത്രക്രിയ. മൂത്രതടസ്സവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പിന്നെയും പല ശസ്ത്രക്രിയകൾ വേണ്ടി വന്നു. ദുരിതപൂർണമായിരുന്നു സ്കൂൾ ജീവിതം.

8 വയസ്സ് വരെ സരളകുമാരി മകനെ തോളിലേറ്റിയാണ് നടന്നിരുന്നത്. അമ്മയുടെ ആ കഷ്ടപ്പാടിന് അറുതി വരാൻ കാൽ മുറിച്ചു മാറ്റാനുള്ള തീരുമാനം എടുത്തത് താൻ തന്നെയായിരുന്നെന്നു ശ്യാം പറയുന്നു. പിന്നെ കൃത്രിമ കാൽ ഘടിപ്പിച്ചായി പോരാട്ടം. അതിന്റെ സഹായത്തോടെ, ഇഷ്ടപ്പെട്ട സൈക്ലിങ് ആണ് ആദ്യം അഭ്യസിച്ചെടുത്തത്. സൈക്കിൾ ചവിട്ടി സാഹസിക യാത്രകൾക്കൊപ്പം മലകയറ്റവും പയറ്റിത്തെളിഞ്ഞു. മുടങ്ങാത്ത വ്യായാമമുറകളുമായി ശരീരത്തെ വഴക്കിയെടുത്തു.

അപ്പോഴാണ് അടുത്ത വെല്ലുവിളിയായി വൃക്ക തകരാറിലായത്. മാറ്റിവയ്ക്കുക മാത്രമായിരുന്നു പരിഹാരം. വൃക്ക നൽകാൻ അമ്മ തയാറായതോടെ 2022ൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. അതിനു ശേഷമാണ് സ്കൈ ഡൈവിങ് ഹരം കയറുന്നത്. പല വഴിക്കുള്ള ശ്രമങ്ങൾക്കൊടുവിൽ തായ്‌ലൻഡുകാരനായ ആൻഡി പൈൻ എന്ന പരിശീലകനു കീഴിൽ പരിശീലനത്തിന് അവസരം ലഭിച്ചു. പിന്നീട് 6 തവണയായുള്ള അഭ്യാസ പ്രകടനത്തിനിടെ 3–ാം ചാട്ടത്തിൽ പാരഷൂട്ട് കാലിൽ കുരുങ്ങിയെങ്കിലും മനസ്സ് പതറാതെ കുരുക്കഴിച്ചു രക്ഷപ്പെട്ട ശ്യാം ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് പറന്നു കയറി. നിലവിൽ, ഉയരത്തിൽ വ്യത്യാസമുള്ള പഴയകാലാണ് ഉപയോഗിക്കുന്നത്. 42,000 അടി ഉയരത്തിൽ നിന്നുള്ള ആകാശച്ചാട്ടമാണ് വലിയ സ്വപ്നം. 

English Summary:

Shyam Kumar 'Footed' in success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com