ADVERTISEMENT

കൊച്ചി ∙ രണ്ടു കമ്പനികൾ തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയെ വേട്ടയാടുകയാണെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കും രാഷ്ട്രീയ നേതാക്കൾക്കും ഉൾപ്പെടെ നൽകാത്ത സേവനത്തിനു സിഎംആർഎൽ പ്രതിഫലം നൽകിയെന്ന വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണു സർക്കാർ ഇക്കാര്യം അറിയിച്ചത്.

ഓരോരുത്തരും ഓരോ കോടതിയിൽ പരാതി നൽകുകയാണെന്നും പരാതി തീർപ്പാക്കിയാലും പുതിയ പരാതി വരുമെന്നും സർക്കാരിനുവേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി വാദിച്ചു. ഒരാളെ അവസാനംവരെ വേട്ടയാടുകയാണു പതിവ്. ഏതെങ്കിലും ഉദ്യോഗസ്ഥൻ പറഞ്ഞെന്ന പേരിൽ എങ്ങനെയാണ് കമ്പനി സേവനം നൽകിയില്ലെന്ന് പറയാനാവുക. ചില സേവനങ്ങൾ പ്രത്യക്ഷത്തിലുള്ളതാകണമെന്നില്ല. അതിന്റെ പേരിൽ സേവനമേ ഉണ്ടായിരുന്നില്ല എന്ന് എങ്ങനെയാണ് പറയുകയെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വാദിച്ചു.

വസ്തുതകളില്ലാത്ത ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നു സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.വിജയഭാനു വാദിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കു പ്രതിഫലം നൽകിയതിനാൽ അനുകൂലമായ ഉത്തരവുകൾ സിഎംആർഎ‌ലിനു നൽകിയെന്നാണ് പറയുന്നത്. എന്നാൽ പത്തു പൈസയുടെ ഗുണം കിട്ടിയിട്ടില്ലെന്നും തടസ്സങ്ങൾ മാത്രമാണുണ്ടായതെന്നും അറിയിച്ചു. ഖനനത്തിന്റെ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു വസ്തുതയുമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി.

English Summary:

Government approaches High Court to stop hunting against Chief Minister for CMRL case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com