ശിഹാബ് ഫൈസി: പുഴയെടുത്ത പുഞ്ചിരി; ആശുപത്രികൾ കയറിയിറങ്ങിയ സഹോദരനെയും അമ്മാവനെയും തേടിയെത്തിയത് ദുഃഖവാർത്ത
Mail This Article
മേപ്പാടി ∙ നാടിന്റെ പ്രിയങ്കരൻ. ആ ചിരി ഓർക്കാത്ത മനുഷ്യരില്ല. പള്ളിയിൽ വന്നടിഞ്ഞ മണ്ണിലും ചെളിയിലും പുതഞ്ഞ് ആ ചിരി മാഞ്ഞു. മുണ്ടക്കൈ പള്ളിയിലെ ഇമാം ശിഹാബ് ഫൈസിയുടെ ജീവനില്ലാത്ത ശരീരം രണ്ടാംദിവസമാണ് കണ്ടെത്താനായത്.
കേട്ടതു സത്യമാവരുതേയെന്ന് നാട്ടുകാരും കൂട്ടുകാരും പ്രാർഥിച്ചിരുന്നെങ്കിലും അതെല്ലാം വിഫലമായ വേർപാടാണ് സ്ഥിരീകരിക്കപ്പെട്ടത്. ശിഹാബ് ഫൈസി (35) എവിടെയാണെന്നറിയാതെ സഹോദരനും അമ്മാവനും ആശുപത്രികൾ കയറിയിറങ്ങുകയായിരുന്നു.
മണ്ണച്ചേരി സ്വദേശിയായ ശിഹാബ് ഫൈസി 2018 മുതൽ മേൽമുറി പള്ളിയിലെ ഉസ്താദായിരുന്നു. 2 വർഷം മുൻപാണ് മുണ്ടക്കൈ പള്ളിയിലെത്തിയത്.
ഉസ്താദിന്റെ അമ്മാവനും അനിയൻ അനസും അപകടം നടന്ന രാത്രിയിലും അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു. മഴയാണെന്നും അപകടസൂചനയുണ്ടെന്നും അറിഞ്ഞ് ഫൈസി പലതവണ ഷിഹാബിന്റെ ഫോണിൽ വിളിച്ചു. ‘‘പേടിക്കണ്ട, ഇവിടെ പ്രശ്നങ്ങളൊന്നുമില്ല’’ എന്നായിരുന്നു മറുപടി. രാത്രി പത്തരയ്ക്ക് അവസാനമായി വിളിച്ചപ്പോൾ ‘‘പുഴയിലെ വെള്ളം കലങ്ങിയിട്ടുണ്ട്. വേറെ ഒന്നുമില്ല’’ എന്നായിരുന്നു മറുപടി. ഉരുൾപൊട്ടിയെന്ന് ഫൈസി അറിഞ്ഞത് പുലർച്ചെ രണ്ടരയോടെയാണ്. ആ നിമിഷം മുതൽ ഷിഹാബിനെ വിളിച്ചുകൊണ്ടിരുന്നു. ഫോണെടുത്തില്ല. അഞ്ചര വരെ ഫോൺ അടിച്ചു. പിന്നെ നിശ്ശബ്ദമായി.
ഇന്നലെ ഉച്ചയോടെയാണ് ഷിഹാബ് ഫൈസിയുടെ ശരീരം പള്ളിയിൽനിന്ന് കണ്ടെടുത്തത്. ശരീരം മേപ്പാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുവരുമ്പോൾ ഇരുവരും അവിടെ കാത്തുനിൽക്കുകയായിരുന്നു. ഹൃദയം തകർന്ന് അവർ ആ ശരീരം ഏറ്റുവാങ്ങി.
കൂട്ടുകാരുടെ ഓർമയിലെ സൗഹൃദ സുഗന്ധം
മേപ്പാടി ∙ ശിഹാബ് ഫൈസി കയ്യൂന്നിയുടെ വിയോഗത്തിൽ വേദനിക്കുന്നത് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള സുഹൃത്തുക്കളും സഹപാഠികളുമാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ പൂർവ വിദ്യാർഥിയായ ശിഹാബിന്റെ വേർപാടിനു പിന്നാലെ സുഹൃത്തും എഴുത്തുകാരനുമായ ലത്തീഫ് നെല്ലിച്ചോട് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് കണ്ണീരിൽ കുതിർന്നതാണ്.
മുണ്ടക്കൈ മസ്ജിദിന്റെ വരാന്തയിൽ വർത്തമാനം പറഞ്ഞിരുന്ന വൈകുന്നേരങ്ങളെക്കുറിച്ചും നേരമിരുട്ടും മുമ്പ് ചുരമിറങ്ങണമെന്ന് വാശിപിടിക്കുമ്പോൾ ഇന്നിവിടെ കൂടാമെന്ന സ്നേഹ സൗഹൃദത്തിന്റെ സമ്മർദത്തെ കുറിച്ചും പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ പങ്കുവയ്ക്കലുകളെ കുറിച്ചുമൊക്കെ ലത്തീഫ് ഓർത്തെടുക്കുന്നു.