പഴയ മുണ്ടക്കൈ ഇനി ഓർമ; ചുറ്റും വേദനിക്കുന്ന കാഴ്ച മാത്രം
Mail This Article
ചൂരൽമല ∙ മണ്ണിൽ അമർത്തിച്ചവിട്ടിയാൽ കാലിൽ തടയുന്നത് ഏതെങ്കിലും മനുഷ്യശരീരമാകാം. ചിലരുടെ അമ്മയോ അച്ഛനോ പൊന്നോമന മക്കളോ ആകാം. ശ്വാസം നിലച്ചപോലെയുള്ള ഏങ്ങലടിയായിരുന്നു മുണ്ടക്കൈയിൽ ഇന്നലെ കേട്ടത്. വീടുകളില്ല, കടകളില്ല, റോഡില്ല, സമ്പാദ്യങ്ങളൊന്നുമില്ല. ചിതറിക്കിടക്കുന്ന പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ഉടമകളെ നഷ്ടപ്പെട്ട് അലഞ്ഞുനടക്കുന്ന കന്നുകാലികൾ, വളർത്തുനായ്ക്കൾ... എങ്ങും വേദനിക്കുന്ന കാഴ്ചകൾ മാത്രം. വെറും ചെളിക്കുഴമ്പുപോലെ മുണ്ടക്കൈ. അങ്ങാടി ഇപ്പോഴില്ല. ഉരുൾപൊട്ടൽ വീതികൂട്ടിയ പുഴയോരത്ത് കുറച്ചു കടകളും വീടുകളും മാത്രം. ചില വീടുകളുടെ പോർച്ചിനുള്ളിൽ വാഹനങ്ങൾ ഞെരിഞ്ഞമർന്നു കിടക്കുന്നു. മണ്ണിനോടു ചേർന്നു കാണുന്നത് വീടിന്റെ മേൽക്കൂരകളാണ്. വീടിനുള്ളിൽനിന്നു ദുർഗന്ധം പരക്കുന്നുണ്ട്. നാലു പേരുള്ള വീടായിരുന്നു, ഉള്ളിൽ എത്രപേർ മരിച്ചുകിടക്കുന്നുവെന്നറിയില്ല– നാട്ടുകാർ രക്ഷാപ്രവർത്തകരോടു കണ്ണീരോടെ പറയുന്നു.
രക്ഷാപ്രവർത്തനം അതീവ അപകടം തന്നെയായിരുന്നു. എവിടെയാണ് കിണറുകളും കുഴികളുമെന്ന് അറിയില്ല. തകർന്ന വീടുകളിലെ കമ്പികൾ തുളച്ചുകയറി പരുക്കേറ്റവർ ഒട്ടേറെ. വീടുണ്ടായിരുന്ന സ്ഥലത്തെ മണ്ണിൽ കുത്തിയിരുന്ന് ഏങ്ങലടിക്കുന്നവരെ ആശ്വസിപ്പിക്കാൻ കഴിയാതെ ഉറ്റവർ. ഇതിനിടെ കൂട്ടനിലവിളി; അതു കേൾക്കുമ്പോൾ അറിയാം, ഒരു മൃതശരീരംകൂടി കണ്ടെത്തിയിട്ടുണ്ടെന്ന്. ചെളിയിൽ പുതഞ്ഞ ആ ശരീരത്തെ ഇത്തിരി വെള്ളത്തിൽ വൃത്തിയാക്കി തുണിയിൽ പൊതിഞ്ഞ് മലയിറക്കണം.
ഒരു തുള്ളി വെള്ളം കിട്ടണമെങ്കിൽ താൽക്കാലിക മരപ്പാലം വഴി മറകരയെത്തണം. പട്ടാളം ഹെലികോപ്റ്ററിൽനിന്ന് താഴേയ്ക്കെറിയുന്ന വെള്ളവും ലഘുഭക്ഷണവും മാത്രമാണ് ബലം. എങ്കിലും സഹജീവികളെ തേടിയിറങ്ങുന്ന മനുഷ്യരുടെ അടങ്ങാത്ത സ്നേഹം തുടരുന്നു.
മുണ്ടക്കൈ ഇനിയൊരു പഴയ ചിത്രം മാത്രമാകും. തിരിച്ചറിയാൻ കഴിയാത്ത വിധം തങ്ങളുടെ നാട് മാറിയതായി ഇവിടെയുള്ളവർ പറയുന്നു. ‘ആകെ 3 പേരെ മാത്രമാണു രക്ഷിക്കാനായത്. 70ൽ അധികം ആളുകൾ ഇപ്പോഴും മണ്ണിനടിയിലുണ്ടാകാം’ ദുരന്തഭൂമി ചൂണ്ടിക്കാണിച്ച് നെടുവീർപ്പോടെ മുൻ പഞ്ചായത്ത് അംഗം അബ്ദുൽ കലാം പറഞ്ഞു. ‘പുഞ്ചിരിമട്ടത്തേക്കുള്ള റോഡ് തുടങ്ങുന്നതിന് സമീപത്തായി കുറച്ച് കടകളുണ്ടായിരുന്നു; തൊട്ടടുത്തായി ഒരു പോസ്റ്റ് ഓഫിസും ഏതാനും വീടുകളും. ഇതിനു താഴെയായി എസ്റ്റേറ്റ് ഓഫിസ്. കുറച്ചു കൂടി താഴെയുള്ള സീതമ്മക്കുണ്ട് വെള്ളച്ചാട്ടം ഇപ്പോൾ കാണാനില്ല.
പാറക്കൂട്ടങ്ങൾ നിറഞ്ഞ സ്ഥലമായിരുന്നു ഇവിടം. ആ പാറക്കൂട്ടങ്ങൾ അടക്കമാണ് ഒഴുകിപ്പോയത്. 2 എസ്റ്റേറ്റ് പാടികളുണ്ടായിരുന്ന ഭാഗമാണിത്.’ വലിയ പാറക്കല്ലുകൾ മൂടിക്കിടക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടി കലാം തുടർന്നു. ഇൗ ഭാഗത്തു ഇപ്പോൾ കുത്തിയൊഴുകുന്ന തോട് മാത്രമാണ്. വെള്ളൊലിപ്പാറയിൽനിന്നാണ് ഉരുൾപൊട്ടലുണ്ടായത്. ഇതിനു താഴെയാണു പുഞ്ചിരിമട്ടം. 40ൽ അധികം വീടുകളുണ്ടായിരുന്ന സ്ഥലമാണിത്. മുഴുവൻ വീടുകളും അപ്രത്യക്ഷമായി.