ആഴം കൂട്ടിയിട്ടും അടങ്ങാതെ പുഴ; മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാതെ ബന്ധുക്കൾ
Mail This Article
ചൂരൽമല ∙ ‘2019ലെ ഉരുൾപൊട്ടലിനുശേഷം ഈ പുഴയുടെ ആഴം കൂട്ടിയതാണ്. സ്കൂൾ കോംപൗണ്ടിനു മുന്നിലൂടെ കടന്നുപോകുന്ന പുഴ ഗതിമാറി നാടിനെയാകെ തുടച്ചുനീക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല’– കൽപറ്റ ബ്ലോക്ക് പഞ്ചായത്തിൽ ചൂരൽമല ഡിവിഷനെ പ്രതിനിധീകരിക്കുന്ന സി.രാഘവൻ പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ ആദ്യ ഉരുൾപൊട്ടലിനു ശേഷം തന്നെ ഫോണിൽ ബന്ധപ്പെട്ടവരിൽ പലരെയും രണ്ടാമത്തെ പൊട്ടലിനുശേഷം തിരിച്ചുവിളിച്ചപ്പോൾ കിട്ടിയില്ല. ആദ്യ പൊട്ടലിൽ വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുന്ന വിവരം വിഡിയോ കോളിലൂടെ വിളിച്ചറിയിച്ച ഒരാളും അതിലുണ്ടായിരുന്നുവെന്ന് രാഘവൻ ഓർമിക്കുന്നു. ആ വീട്ടുകാരെയും പിന്നീടു കണ്ടെത്താനായിട്ടില്ല. വനത്തോടു ചേർന്ന് ഉരുൾപൊട്ടുമെന്ന് ആശങ്ക ഉയർന്നതിനാൽ പലരെയും മാറ്റിപ്പാർപ്പിച്ചിരുന്നുവെന്ന് രാഘവൻ പറഞ്ഞു. അപകടസാധ്യതയില്ലെന്നു കരുതി അവിടെത്തന്നെ തുടർന്നവരെയാണ് ഉരുൾ തട്ടിയെടുത്തത്.
മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കൾക്കുപോലും കഴിയുന്നില്ല
മേപ്പാടി ∙ കരഞ്ഞുതീർന്ന്, കണ്ണുചുവന്ന്, രാവുറങ്ങാതെ കാത്തിരിക്കുന്ന അനേകം ആളുകൾ... ഉറ്റവരും ഉടയവരും നഷ്ടമായവർ. തിരികെപ്പോകാൻ വീടില്ലാത്തവർ. മാറ്റിയുടുക്കാനുള്ള തുണിപോലും കയ്യിലില്ലാത്തവർ. മേപ്പാടി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മുറ്റത്ത് അവർ കാത്തിരിക്കുന്നത് പ്രിയപ്പെട്ടവരുടെ ശരീരത്തിനായാണ്. അവസാനമായി ഒരു നോക്കു കാണാനെങ്കിലും അവരെ ബാക്കി കിട്ടിയെങ്കിൽ...
മണ്ണിൽ പുതഞ്ഞ ശരീരങ്ങൾ ഒരു പകൽ മുഴുവൻ കണ്ടുകണ്ട് മേപ്പാടി ആശുപത്രിയുടെ മനസ്സു മരവിച്ചിരിക്കുകയായിരുന്നു. പക്ഷേ, നേരം പുലർന്നപ്പോൾ മുതൽ വീണ്ടും ആംബുലൻസുകൾ കുതിച്ചെത്തിക്കൊണ്ടിരുന്നു. രണ്ടു പകലുകളും ഒരു രാത്രിയും മണ്ണിൽ പുതഞ്ഞ പലരെയും തിരിച്ചറിയാൻ അടുത്ത ബന്ധുക്കൾക്കുപോലും കഴിയാത്ത അവസ്ഥയായി. മുറ്റത്തു കെട്ടിയുയർത്തിയ പന്തലിൽ മൃതദേഹങ്ങൾ ഉറ്റവരെക്കാത്തു കിടന്നു.
ഇതിനിടെ നിലമ്പൂർ ഭാഗത്തു നിന്നു കണ്ടെടുത്ത മൃതദേഹങ്ങളും മേപ്പാടിയിലേക്ക് എത്തിക്കുമെന്ന അറിയിപ്പുണ്ടായി. പ്രാഥമികാരോഗ്യകേന്ദ്രത്തിനു തൊട്ടടുത്തുള്ള മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് വൈകിട്ട് നാലരയോടെ വരിവരിയായി ആംബുലൻസുകൾ എത്തി. ഒരുമിച്ച് 10 മൃതശരീരങ്ങളാണ് സ്കൂൾ ഹാളിലേക്ക് എത്തിച്ചത്.
ആശ്വസിപ്പിച്ച് നേതാക്കള്‍
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, മന്ത്രിമാരായ വീണാ ജോർജ്, എ.കെ.ശശീന്ദ്രൻ, കെ.രാജൻ, വി.എൻ.വാസവൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ജോസ് കെ.മാണി എംപി, ടി.സിദ്ദിഖ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ക്യാംപിലും സന്ദർശനം നടത്തി.