ADVERTISEMENT

കൊച്ചി ∙ ഉരുൾപൊട്ടൽ ദുരന്തത്തിൽ പരുക്കേറ്റ് വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് ചികിത്സ സൗജന്യമായിരിക്കുമെന്ന് ആശുപത്രിയുടെ ചെയർമാനും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. ഇതിനു പുറമേ നാലു കോടി രൂപയുടെ സഹായവുമുണ്ട്. ഇതിൽ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടു നൽകും. കൂടാതെ, വീടുകൾ നഷ്ടമായി ക്യാംപുകളിൽ കഴിയുന്നവരുടെ പുനരധിവാസത്തിന്  രണ്ടരക്കോടി രൂപ ചെലവഴിക്കുമെന്നും ആസാദ് മൂപ്പൻ പറഞ്ഞു.

ചൊവ്വ പുലർച്ചെ ദുരന്ത വാർത്ത അറിഞ്ഞ നിമിഷം മുതൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലെ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും അടിയന്തരസാഹചര്യം നേരിടാൻ സജ്ജമായെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ അധികൃതർ പറ‍ഞ്ഞു. ഇതുവരെ 173 പേരെയാണ് അഡ്മിറ്റ് ചെയ്തത്. ഇതിൽ 62 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. ഏഴു പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 20 പേർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. സർക്കാർ സംവിധാനങ്ങളുമായി പൂർണമായി സഹകരിച്ചാണ് മൂപ്പൻസ് മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്. വാർഡുകളിൽ കിടക്കകളുടെ എണ്ണം കൂട്ടുകയും അധിക നഴ്സുമാരെ ഏർപ്പാടാക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റുമോർട്ടം വേഗത്തിലാക്കാൻ ജില്ലാഭരണകൂടത്തിന്റെ ആവശ്യപ്രകാരം മൂന്ന് ഫൊറൻസിക് സർജന്മാരെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽനിന്നു ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തരചികിത്സയ്ക്ക് ആവശ്യമായ കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ സർക്കാർ ദ്രുതഗതിയിൽ ലഭ്യമാക്കിയത് ഏറെ സഹായകരമായി.  

കേരളത്തിലെ വിവിധ ആസ്റ്റർ ആശുപത്രികളായ ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘം ചൊവ്വാ രാവിലെ തന്നെ ദുരന്തബാധിത മേഖലയിലെത്തി. ചൂരൽമലയിലും മുണ്ടക്കൈക്ക് സമീപവും ആസ്റ്റർ വൊളന്റിയർമാരും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ഇവർക്കൊപ്പം അടിയന്തര വൈദ്യസഹായത്തിനായി സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുമുണ്ട്. പ്രദേശത്ത് കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കളും സംഘം വിതരണം ചെയ്യുന്നു. ദേശീയ ദുരന്തനിവാരണ സേന നടത്തുന്ന രക്ഷാപ്രവർത്തനത്തിനൊപ്പമാണ് ആസ്റ്റർ വൊളന്റിയർമാർ സഹകരിക്കുന്നത്. 

‌ആസ്റ്ററിന്റെ ചില ജീവനക്കാരെയും ദുരന്തത്തിൽ കാണാതായിട്ടുണ്ട്. ഇവരെ എത്രയും വേഗം കണ്ടെത്തി സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തത്തിലകപ്പെട്ട ആസ്റ്റർ ജീവനക്കാർക്കും കുടുംബങ്ങൾക്കും എല്ലാ പിന്തുണയുംനൽകുമെന്നും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ വ്യക്തമാക്കി. 

English Summary:

Aster announces aid for Wayanad landslide victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com