ദുരിതാശ്വാസ നിധി: പണം സ്വരൂപിക്കാൻ പ്രചാരണത്തിന് സിപിഎം
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ വീടുകൾ തോറും സിപിഎം പ്രചാരണത്തിനിറങ്ങുന്നു. 10,11 തീയതികളിൽ പാർട്ടി നേതാക്കളും പ്രവർത്തകരും എല്ലാ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകാൻ അഭ്യർഥിക്കുമെന്നും പണം നേരിട്ടു സ്വീകരിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
വയനാട്ടിലെ ദുരന്തത്തിൽപെട്ടവർക്ക് ആശ്വാസം നൽകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ പാർട്ടി 25 ലക്ഷം സംഭാവന ചെയ്തു. ത്രിപുര, തമിഴ്നാട് സംസ്ഥാന ഘടകങ്ങളും 10 ലക്ഷം വീതം നൽകി. എല്ലാ പാർട്ടി ഘടകങ്ങളും സംഭാവന നൽകണം.
ഓഡിറ്റിങ്ങിന് വിധേയമായി സുതാര്യമായി നടക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെതിരെ കള്ളപ്രചാരണമാണു നടക്കുന്നത്. അത് അവസാനിപ്പിക്കണം. ദുരന്തത്തെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുമ്പോൾ കേന്ദ്രമന്ത്രി അമിത് ഷാ മാത്രമാണ് രാഷ്ട്രീയ പ്രേരിതമായ പ്രസ്താവന നടത്തിയത്. ഉരുൾപൊട്ടലുണ്ടായ ദിവസങ്ങളിൽ അവിടെ ഓറഞ്ച് അലർട്ടാണ് കേന്ദ്ര ഏജൻസികൾ നൽകിയത്. എന്നാൽ ആരും പ്രതീക്ഷിക്കാത്ത വിധത്തിൽ അതിലുമേറെ ശക്തമായ മഴയാണ് രണ്ട് ദിവസംകൊണ്ടു പെയ്തത്.
ഉരുൾപൊട്ടൽ ഉണ്ടായ ശേഷമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേന്ദ്ര ജല കമ്മിഷൻ എന്നിവരും ശരിയായ മുന്നറിയപ്പല്ല തന്നത്. എൻഡിആർഎഫ് സംഘം നേരത്തേ എത്തിയത് കേരളം ആവശ്യപ്പെട്ടതനുസരിച്ചാണ് . ആർഎസ്എസും ബിജെപിയും മറിച്ച് പറയുന്നതെല്ലാം നുണയാണെന്നും ഗോവിന്ദൻ പറഞ്ഞു.