സുബൈദ പറയുന്നു, ‘വട്ടപ്പൂജ്യത്തിലാണു ഞങ്ങൾ. ഇനിയെങ്ങനെ ഒരു വീടുണ്ടാക്കും ?’
Mail This Article
കൽപ്പറ്റ∙ എന്ത്, എപ്പോൾ, എവിടെ, എങ്ങനെ, ആരൊക്കെ എന്നീ ചോദ്യങ്ങൾക്ക് ഏകദേശം ഉത്തരങ്ങളായി. പക്ഷേ, ദുരന്തം നടന്ന് 6 ദിവസം പിന്നിടുമ്പോൾ ചോദ്യങ്ങൾ ഗതിമാറിയൊഴുകുന്നു. ഇനി എന്ത്, എപ്പോൾ, എവിടെ, എങ്ങനെ? ഇതിനൊന്നും മറുപടിയില്ല.
ഉത്തരമില്ലായ്മയുടെ ഈ ഇരുട്ടിൽ കഴിയുന്ന പല കുടുംബങ്ങളിലൊന്നാണു ചേരങ്ങോട്ടിൽ സുബൈദയുടേതും. ‘വട്ടപ്പൂജ്യത്തിലാണു ഞങ്ങൾ. ഇനിയൊന്നും ബാക്കിയില്ല.’ മേപ്പാടി സെന്റ് ജോസഫ്സ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലിരുന്നു സുബൈദ പറഞ്ഞു. ചൂരൽമല സ്കൂൾ റോഡിലുള്ള 11 സെന്റും വീടും ഉണ്ടാക്കിയെടുക്കാൻ വർഷങ്ങൾ വേണ്ടി വന്നിരുന്നു തേയില എസ്റ്റേറ്റിലെ തൊഴിലാളികളായ സുബൈദയ്ക്കും ഭർത്താവ് സി.പി.അലിക്കും. എന്നാൽ ഒരു റീൽസ് കണ്ടുതീരാനെടുക്കുന്ന സമയമേ വേണ്ടി വന്നുള്ളൂ ഉരുളിന് ഇവയെല്ലാം ഇല്ലാതാക്കാൻ.
സുബൈദയും ഭർത്താവും മകൻ റഫീഖും മരുമകൾ നിഷിതയുമായിരുന്നു ചൂരൽമലയിലെ വീട്ടിൽ താമസം. മകനും മരുമകളും അന്നു സ്ഥലത്തില്ലായിരുന്നു. തോരാതെ പെയ്യുന്ന മഴ അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞപ്പോൾ തലേന്നു വൈകിട്ട് സുബൈദയും ഭർത്താവും മാട്ടറക്കുന്നിലുള്ള സഹോദരിയുടെ വീട്ടിലേക്കു മാറി. പിറ്റേന്നു വീട്ടിലേക്കു തിരിച്ചു വരാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പിറ്റേന്ന് ആ വീടുണ്ടായിരുന്നില്ല. ‘എനിക്കു പ്രായം 57, ഭർത്താവിന് 58. 60 വയസ്സുവരെ മാത്രമേ തേയിലത്തോട്ടത്തിൽ ജോലി ലഭിക്കൂ. ചുരുങ്ങിയ കാലംകൊണ്ട് എങ്ങനെ ഞങ്ങൾ ഇനി മറ്റൊരു വീടുണ്ടാക്കും’– സുബൈദ ചോദിക്കുന്നു. വീടും സ്ഥലവും ഇല്ലാതായതിനു പുറമേ, വീട്ടിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും മരുമകളുടെ 15 പവനും മണ്ണിൽ പുതഞ്ഞുപോയി.