ചരിവുള്ള മലമ്പ്രദേശങ്ങളിൽനിന്ന് മണ്ണ് നീക്കം ചെയ്യുന്നതു തടഞ്ഞു
Mail This Article
കൊച്ചി ∙ കുത്തനെ ചരിവുള്ള മലമ്പ്രദേശങ്ങളിൽനിന്നു കെട്ടിടനിർമാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതു ഹൈക്കോടതി തടഞ്ഞു. കേരള മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽകൊണ്ടുവന്ന ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുന്നതുവരെയാണു മണ്ണെടുക്കുന്നത് തടഞ്ഞത്. കുത്തനെ ചരിവുള്ള മലമ്പ്രദേശങ്ങളിൽനിന്നു മണ്ണെടുക്കുന്നതു നിർത്താൻ നിർദേശം നൽകി ജിയോളജി ഡയറക്ടർ ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചു.
കെട്ടിട നിർമാണ അനുമതിക്ക് അപേക്ഷിക്കുമ്പോൾ ജിയോ ടെക്നിക്കൽ അന്വേഷണ സർവീസ് നൽകുന്ന അറിയപ്പെടുന്ന ഏതെങ്കിലും ഏജൻസിയുടെ അനുകൂല റിപ്പോർട്ട് സമർപ്പിക്കണമെന്ന ചട്ടത്തിലെ ഭേദഗതി ചോദ്യം ചെയ്തു തിരുവനന്തപുരം സ്വദേശി എസ്.ഉണ്ണിക്കൃഷ്ണനാണു ഹർജി നൽകിയത്.സ്വകാര്യ കമ്പനികൾക്ക് വിവേചനമില്ലാത്ത അധികാരം നൽകുന്നതാണ് നടപടിയെന്നായിരുന്നു ഹർജിയിലെ ആരോപണം. ഇത്തരം പ്രദേശങ്ങളിൽ ബിൽഡിങ് പെർമിറ്റ് ലഭിക്കാനുള്ള വ്യവസ്ഥയായി ഐഐടി അല്ലെങ്കിൽ സമാനമായ സെന്റർ ഫോർ എർത്ത് സ്റ്റഡീസ് പോലെയുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സ്ലോപ്പ് സ്റ്റെബിലിറ്റി റിപ്പോർട്ട് നിർബന്ധമാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഭേദഗതിയുടെ ഭരണഘടനാ സാധുതയാണു ഹർജിയിൽ ചോദ്യം ചെയ്തത്.
മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഏറ്റവും വലിയ പ്രശ്നവും ഇതുതന്നെയാണെന്നു ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രദേശത്തു നടത്താവുന്ന നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചും ഭൂമിക്ക് എത്രമാത്രം താങ്ങാനാവും എന്നതിനെക്കുറിച്ചുമുള്ള ഒരു പഠനവും നടത്താതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു ചെറിയ കുലുക്കമുണ്ടായാൽ ചീട്ടുകൊട്ടാരംപോലെ എല്ലാം തകർന്നു വീഴുമെന്ന സ്ഥിതിയാണെന്നും കോടതി പറഞ്ഞു. സർക്കാരിൽനിന്നു കോടതി വിശദീകരണം തേടി.