സഹകരണ സംഘം ഭരണസമിതി: 3 തവണ ഭാരവാഹി ആയവരുടെ വിലക്ക് സ്ഥിരമല്ലെന്നു സർക്കാർ
Mail This Article
കൊച്ചി ∙ മൂന്നു തവണ തുടർച്ചയായി ഭരണസമിതി അംഗമായവർക്കു സഹകരണ സംഘത്തിന്റെ ഭരണ സമിതിയിലേക്കു മത്സരിക്കാനുള്ള വിലക്ക് സ്ഥിരമായിട്ടുള്ളതല്ല എന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടവർക്ക് അടുത്ത ഒരു തവണ മത്സരിക്കാനാവില്ല എന്നാണു നിയമ ഭേദഗതിയെന്നു സർക്കാർ വ്യക്തമാക്കി. ഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് വിശദീകരിച്ചു.
സഹകരണ നിയമത്തിലെ 57 വകുപ്പുകളിലാണു നിയമഭേദഗതി വന്നത്. ഇതിൽ 7 വകുപ്പുകൾക്ക് നിയമസാധുതയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ. ജസ്റ്റിസ് എൻ.നഗരേഷ് ഹർജികൾ തുടർവാദത്തിനായി 13 ലേക്ക് മാറ്റി.
നിയമ ഭേദഗതി സംഘങ്ങളുടെ സ്വയംഭരണ അവകാശത്തെയും ജനാധിപത്യ അവകാശങ്ങളെയും ഹനിക്കുമെന്നാണ് ഹർജിക്കാരുടെ വാദം. ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കുന്നത് സംഘങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ബോധിപ്പിച്ചു.