തിരഞ്ഞെടുപ്പ് വിജയം സാധുവായ വോട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം: ഹൈക്കോടതി
Mail This Article
കൊച്ചി ∙സാധുവായിട്ടുള്ള വോട്ടുകൾ ഏറ്റവും കൂടുതൽ ലഭിച്ചയാളെയാണു തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിക്കേണ്ടതെന്ന് ഹൈക്കോടതി. തിരഞ്ഞെടുക്കപ്പെടുക എന്നത് നിയമപരമായ അവകാശം മാത്രമാണെന്നും അത് മൗലികമായ അവകാശമല്ലെന്നും ഹൈക്കോടതി പറഞ്ഞു. അതിനാൽ തന്നെ ഇക്കാര്യത്തിലുണ്ടാകുന്ന തർക്കത്തിലും നിയമപരമായ തീരുമാനത്തിലെ എത്താനാകൂയെന്നും ജസ്റ്റിസ് സി.എസ്.സുധ വ്യക്തമാക്കി.
പെരിന്തൽമണ്ണ മണ്ഡലത്തിൽ മുസ്‌ലിംലീഗ് സ്ഥാനാർഥിയായിരുന്ന നജീബ് കാന്തപുരത്തെ തിരഞ്ഞെടുത്തതു നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി ഇടതു സ്ഥാനാർഥിയായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫ നൽകിയ തിരഞ്ഞെടുപ്പ് ഹർജി തള്ളിയ ഉത്തരവിലാണ് ഈ പരാമർശങ്ങൾ. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദാംശങ്ങളാണ് ലഭ്യമായത്.
മുതിർന്ന പൗരൻമാർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, കോവിഡ് ബാധിതർ തുടങ്ങിയവരുടെ 348 തപാൽ വോട്ടുകൾ അനുചിതമായി തള്ളിക്കളഞ്ഞെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നുമായിരുന്നു ഹർജിയിൽ ആരോപിച്ചിരുന്നത്.
പോളിങ് ഓഫിസറുടെയോ വോട്ടറുടെയോ തെറ്റു മൂലം അപാകതയുള്ള ബാലറ്റ് പേപ്പർ റിട്ടേണിങ് ഓഫിസർ സ്വീകരിക്കണമെന്നു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടത്തിൽ പറയുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എണ്ണാതെ മാറ്റിവച്ച 348 തപാൽ വോട്ടുകളുടെ കാര്യത്തിലാണ് തർക്കമുണ്ടായിരുന്നത്. ഇവയിൽ 64 എണ്ണം സാധാരണ തപാൽ വോട്ടുകളാണെന്നു കോടതി വിലയിരുത്തി. ബാക്കിയുള്ള 284 വോട്ടുകളിൽ 252 തള്ളിയത് സീരിയൽ നമ്പർ വ്യത്യാസം, ഡിക്ലറേഷൻ കൃത്യമായി ഒപ്പിട്ടില്ല, അറ്റസ്റ്റ് ചെയ്തില്ല, വോട്ടർമാരുടെ ഒപ്പില്ല തുടങ്ങിയ കാരണങ്ങളാലാണ്.
ബാക്കിയുള്ള 32 എണ്ണം കവർ സീൽ ചെയ്യാത്തതിന്റെ പേരിലും ഡിക്ലറേഷൻ ഫോം 13 എയുടെ രണ്ടാം പേജ് പൂരിപ്പിച്ചതു സംബന്ധിച്ചുമാണു തള്ളിയത്. ഈ 32 വോട്ടുകൾ ഹർജിക്കാരനു അനുകൂലമാണെന്നു കരുതിയാൽ പോലും തിരഞ്ഞെടുപ്പിന്റെ ഫലത്തിൽ മാറ്റമുണ്ടാകില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണു ഹർജി തള്ളിയത്.