അഭിമന്യുവിന്റെ പേരിൽ പിരിച്ച സ്കോളർഷിപ് ഫണ്ട്: ആറു വർഷം കഴിഞ്ഞിട്ടും ചെലവഴിച്ചില്ല; പുകസയിൽ പോര്
Mail This Article
തിരുവനന്തപുരം ∙ മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ പേരിൽ സ്കോളർഷിപ് നൽകാൻ പിരിച്ച ഫണ്ട് ഇനിയും ചെലവഴിക്കാത്തതിൽ പുരോഗമന കലാസാഹിത്യ സംഘം (പുകസ) ജില്ലാ ഘടകത്തിൽ പോര്. രക്തസാക്ഷിയെ മുൻനിർത്തി പിരിച്ച ഫണ്ട് എവിടെയെന്ന ചോദ്യത്തിന് ഉടൻ സ്കോളർഷിപ് നൽകുമെന്നാണു നേതൃത്വത്തിന്റെ മറുപടി.
-
Also Read
വയനാട്: ആഘാതമറിയാൻ ദുരന്തമേഖലയിൽ സർവേ
ആറു വർഷം മുൻപു പിരിവു നടത്തിയെങ്കിലും ഇതുവരെ സ്കോളർഷിപ് നൽകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനു മറുപടിയില്ല. രസീത് പോലും നൽകാതെ നടത്തിയ പണപ്പിരിവിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കൾ ജില്ലാ കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്.
എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന അഭിമന്യു (20) 2018 ജൂലൈ 2നാണു കൊല്ലപ്പെട്ടത്. സംഭവത്തിനു വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചതോടെ മാനവീയം തെരുവിടം കൾചറൽ കലക്ടീവിന്റെ നേതൃത്വത്തിൽ ഫണ്ട് പിരിവ് ആരംഭിച്ചു. അഭിമന്യുവിന്റെ പേരിൽ സ്കോളർഷിപ് നൽകുമെന്ന പ്രചാരണത്തിനു മികച്ച പ്രതികരണമാണു ലഭിച്ചത്.
സിപിഎം സഹയാത്രികൻ കെ.ഇ.എൻ.കുഞ്ഞഹമ്മദ് ഉൾപ്പെടെയുള്ളവർ തങ്ങൾക്കു ലഭിച്ച പുരസ്കാരത്തുകകൾ സ്കോളർഷിപ് ഫണ്ടിലേക്കു കൈമാറി. പുകസ സംസ്ഥാന കമ്മിറ്റി അംഗം വിനോദ് വൈശാഖിയും ജില്ലാ പ്രസിഡന്റ് കെ.ജി.സൂരജുമാണ് മാനവീയം തെരുവിടം കൾചറൽ കലക്ടീവിന്റെ ചെയർമാനും കൺവീനറും.
2018ൽ തന്നെ പിരിവു നടത്തിയെങ്കിലും പണം ചെലവഴിച്ചില്ല. 2022 ഒക്ടോബർ 10നാണു 3.50 ലക്ഷം രൂപ ഒരു വർഷത്തെ കാലാവധിയിൽ 6.25% പലിശയ്ക്കു കേരള ബാങ്കിൽ നിക്ഷേപിച്ചത്. ആ തുക തിരിച്ചെടുക്കാതെ കിടക്കുമ്പോഴാണു വിഷയം പുകസയിൽ വിവാദമായത്. പിരിവിനു നേതൃത്വം നൽകിയവർ സിപിഎം ബ്രാഞ്ച് അംഗങ്ങളായതിനാൽ വിഷയം ചർച്ച ചെയ്യാൻ പുകസ തയാറായില്ല.
ഇതു പാർട്ടി പരിഗണിക്കട്ടെയെന്നും തീരുമാനിച്ചു. തുടർന്നും തീരുമാനമില്ലാതെ വന്നതോടെയാണ് ഏതാനും പേർ നേതൃത്വത്തിനു പരാതി നൽകിയത്. അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പിരിവിനെ എതിർത്തിരുന്നു. സ്കോളർഷിപ് ആർക്കാണു കൊടുക്കുന്നതെന്നും മാനദണ്ഡം എന്താണെന്നും അദ്ദേഹം ആരാഞ്ഞിരുന്നു.
‘അടുത്തമാസം നൽകും’
അഭിമന്യു സ്മാരക സ്കോളർഷിപ് അടുത്തമാസം നൽകുമെന്നു മാനവീയം തെരുവിടം കൾചറൽ കലക്ടീവ് ചെയർമാൻ വിനോദ് വൈശാഖിയും കൺവീനർ കെ.ജി.സൂരജും അറിയിച്ചു. വട്ടവടയിൽ അഭിമന്യു പഠിച്ച സ്കൂളിലെ പ്രഥമാധ്യാപകനുമായി സ്കോളർഷിപ് നൽകേണ്ട കുട്ടികളുടെ വിശദാംശങ്ങൾ സംബന്ധിച്ച് ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.