ഓഫിസിലെത്തണം, ജോലി ചെയ്യണം; സീനയ്ക്കു വേണ്ടത് ആ സ്വാതന്ത്ര്യം
Mail This Article
കടുത്തുരുത്തി ∙ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനാൽ ഈ സ്വാതന്ത്യ്രദിനം കടുത്തുരുത്തി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എ.സി.സീനയ്ക്കു അസ്വാതന്ത്ര്യത്തിന്റേതാണ്. സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ ഇന്നലെ ചുമതലയേൽക്കാനെത്തിയ അംഗപരിമിതയായ സീനയ്ക്കു ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ ഓഫിസിൽ എത്താനായില്ല. താഴത്തെ വരാന്തയിൽ 2 മണിക്കൂറിലധികം വീൽചെയറിലിരുന്ന് ഫയലുകളിൽ ഒപ്പിട്ടതിനു ശേഷമാണ് സീന മടങ്ങിയത്. നാളെ ഓഫിസിൽ എത്താൻ എന്തു ചെയ്യണമെന്ന് അറിയില്ല. വൈദ്യുതിചാർജ് അടയ്ക്കാത്തതിനാൽ ഒരു വർഷമായി ലിഫ്റ്റിലേക്കുള്ള കണക്‌ഷൻ കട്ട് ചെയ്തിരിക്കുകയാണ്.
തൃശൂർ രാമവർമപുരം ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന സീനയ്ക്കു 2 മാസം മുൻപാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറായി നിയമനം ലഭിച്ചത്. 60% അംഗപരിമിതയായ സീന തൃശൂർ ജില്ലയിലോ സമീപ ജില്ലകളിലോ നിയമനം ലഭിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിലാണ് കോടതിയുടെയും ട്രൈബ്യൂണലിന്റെയും നിർദേശപ്രകാരം ചുമതലയേൽക്കാൻ എത്തിയത്. ഭർത്താവ് ജേക്കബ്, മകൻ സെബാസ്റ്റ്യൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഭർത്താവ് സീനയെ കാറിന്റെ മുൻ സീറ്റിൽ നിന്ന് എടുത്ത് വീൽചെയറിൽ ലിഫ്റ്റിന് അടുത്ത് എത്തിച്ചപ്പോഴാണ് അതു പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലായത്.
സഹപ്രവർത്തകർ പുതിയ ഓഫിസറെ സ്വീകരിക്കാനായി അപ്പോഴേക്കും താഴെയെത്തി. സീന റജിസ്റ്ററിൽ ഒപ്പുവച്ച് ചുമതലയേറ്റു. ലിഫ്റ്റിന്റെ വൈദ്യുതിചാർജ് അടയ്ക്കുന്നതു സംബന്ധിച്ച ഫയലുകൾ കലക്ടർക്കു നൽകിയിട്ടുണ്ടെന്ന് വൈക്കം തഹസിൽദാർ അറിയിച്ചു.