പാലക്കാട് സിപിഐയിലെ വിമത നീക്കം; ഇസ്മായിലിനെ തള്ളിപ്പറഞ്ഞ് ബിനോയ് വിശ്വം
Mail This Article
തിരുവനന്തപുരം ∙ സിപിഐയുടെ പാലക്കാട്ടെ വിമത വിഭാഗമായ സേവ് സിപിഐ ഫോറത്തെ പിന്തുണച്ച മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെ തള്ളിപ്പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമാന്തര പ്രവർത്തനം കമ്യൂണിസ്റ്റ് രീതിയല്ലെന്നും പാർട്ടി വിരുദ്ധമാണെന്നും ബിനോയ് പ്രതികരിച്ചു. ഇക്കാര്യം ഇസ്മായിലിനും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട്ടെ വിമത വിഭാഗമായ സേവ് സിപിഐ ഫോറം പല കാര്യങ്ങളിലും എടുക്കുന്ന നിലപാട് ശരിയാണെന്ന് ഇസ്മായിൽ അഭിപ്രായപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി ചിലരുടെ താൽപര്യത്തിനു വേണ്ടിയാണോയെന്നും അവർ ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യണ്ടേയെന്നും ഇസ്മായിൽ ചോദിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നു കൊണ്ട് അതിനെ സംരക്ഷിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഫോറം നടത്തുന്നതെന്ന ഇസ്മായിലിന്റെ അഭിപ്രായമാണ് ബിനോയ് നിരാകരിച്ചത്. ഫോറത്തിന്റേതു വിഭാഗീയ പ്രവർത്തനമാണെന്നാണു നേതൃത്വത്തിന്റെ കാഴ്ചപ്പാട്.
കഴിഞ്ഞ സമ്മേളനകാലത്ത് ജില്ലയിൽ ഉണ്ടായ വിഭാഗീയ പ്രശ്നങ്ങളാണ് പാലക്കാട്ടെ സിപിഐയെ പിന്തുടരുന്നത്. അക്കാര്യങ്ങൾ അന്വേഷിച്ച പാർട്ടി കമ്മിഷന്റെ ശുപാർശകൾ ഏകപക്ഷീയമാണെന്ന് ആരോപിച്ച് വിമതർ സേവ് സിപിഐ ഫോറം രൂപീകരിച്ചു. ഈ നീക്കങ്ങൾക്ക് ഇസ്മായിലിന്റെ പിന്തുണ ഉണ്ടെന്ന സൂചന ശക്തമായിരുന്നു. പരസ്യമായ പിന്തുണ പ്രഖ്യാപിച്ചതോടെ നേതൃത്വം അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു.