ചികിത്സാ സഹായം വാങ്ങി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: അമ്മയും മകനും അറസ്റ്റിൽ
Mail This Article
പീരുമേട് ∙ ആരോഗ്യ വകുപ്പിൽ നിന്നു വൻ തുക ചികിത്സാ സഹായം വാങ്ങി നൽകാമെന്ന് പറഞ്ഞ് 5.5 ലക്ഷം രൂപ ഏലപ്പാറ സ്വദേശിയുടെ പക്കൽനിന്നു തട്ടിയെടുത്ത കേസിൽ അമ്മയും മകനും പൊലീസ് പിടിയിലായി. പാലാ കിടങ്ങൂർ മംഗലത്ത് കുഴിയിൽ ഉഷ അശോകൻ (58), മകൻ വിഷ്ണു (38) എന്നിവർ ആണ് അറസ്റ്റിലായത്.
ഏലപ്പാറ സ്വദേശി പ്രദീഷിന്റെ പിതാവിന്റെ ചികിത്സയ്ക്കു വേണ്ടി സ്വകാര്യ ആശുപത്രിയിൽ ചെലവഴിച്ച 55 ലക്ഷം രൂപയിൽ 32 ലക്ഷം ആരോഗ്യ വകുപ്പിൽ നിന്നു വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. മകന്റെ ചികിത്സയ്ക്കായി പ്രദീഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോൾ ആണ് ഡോക്ടറുടെ വേഷത്തിൽ ആശുപത്രി പരിസരത്തു കണ്ട വിഷ്ണുവിനെ പരിചയപ്പെടുന്നത്. മെഡിക്കൽ കോളജിലെ ഡോക്ടർ എന്നു പറഞ്ഞ വിഷ്ണു പ്രദീഷിന്റെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഹായങ്ങൾ ചെയ്തു നൽകി വിശ്വാസം നേടിയെടുത്തു. പിന്നീട് പിതാവിന്റെ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ പ്രദീഷ് തന്നെ വിഷ്ണുവിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് ആരോഗ്യ വകുപ്പിൽ നിന്നു പണം വാങ്ങി നൽകാമെന്ന് പറഞ്ഞു പല തവണയായി പണം വാങ്ങി കബളിപ്പിച്ചത്.
സർക്കാർ സഹായം കിട്ടാതെ വന്നതിനെ തുടർന്ന് പ്രദീഷ് പീരുമേട് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ഏറ്റുമാനൂരിൽ വീട് വാടകയ്ക്കെടുത്ത് കഴിയുന്നതായി മനസ്സിലാക്കിയ സ്റ്റേഷൻ ഹൗസ് ഓഫിസർ ഗോപിചന്ദ്, എസ്ഐ ജെഫി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ 11 കേസുകൾ ഇവരുടെ പേരിലുണ്ടെന്നു അന്വേഷണ സംഘം പറഞ്ഞു. നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനിലെ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഇരുവരും അടുത്തയിടെ ആണ് പുറത്ത് ഇറങ്ങിയത്.