ADVERTISEMENT

തിരുവനന്തപുരം ∙ എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവായിരിക്കെ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സ്മരണാർഥം എൻഡോവ്മെന്റ് നൽകാൻ പണപ്പിരിവു നടത്തിയ സംഭവത്തിൽ പങ്കില്ലെന്ന് പുരോഗമന കലാസാഹിത്യ സംഘം (പുകസ) ജില്ലാ കമ്മിറ്റി . പണപ്പിരിവു വിഷയത്തിൽ പുകസ ജില്ലാ പ്രസിഡന്റ് കെ.ജി.സൂരജിനും സംസ്ഥാന കമ്മിറ്റി അംഗം വിനോദ് വൈശാഖിക്കുമെതിരെ പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണു വിശദീകരണം. മാനവീയം തെരുവിടം കൾചർ കലക്ടീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറിയാണ് അഭിമന്യു വിദ്യാഭ്യാസ എൻഡോവ്മെന്റ് ഏർപ്പെടുത്തിയത്. ഈ സ്കോളർഷിപ് നൽകാത്തതിൽ പുകസയെ കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നു ജില്ലാ സെക്രട്ടറി എസ്.രാഹുൽ അറിയിച്ചു.

പുകസ സ്കോളർഷിപ്പിന് ഫണ്ട് പിരിക്കാൻ ആഹ്വാനം ചെയ്യുകയോ പിരിക്കുകയോ ചെയ്തിട്ടില്ല. സംഘത്തിൽ പ്രവർത്തിക്കുന്നവർ മറ്റു സംഘടനകളിലും അംഗങ്ങളായിട്ടുണ്ടാകാം. അവിടെ നടക്കുന്ന പ്രവർത്തനങ്ങൾക്കോ സാമ്പത്തിക ഇടപാടുകൾക്കോ പുകസയുമായി ബന്ധമില്ല.

അഭിമന്യുവിന്റെ പേരിൽ മാനവീയം തെരുവിടം കൾചർ കലക്ടീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി ഏർപ്പെടുത്തിയ എൻഡോവ്മെന്റുകൾ സെപ്റ്റംബർ ആദ്യവാരം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാറിൽ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് വിനോദ് വൈശാഖിയും സെക്രട്ടറി കെ.ജി.സൂരജും അറിയിച്ചു. 

അഭിമന്യു: വിചാരണ നിർത്തണമെന്ന ആവശ്യം തള്ളി

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ വിചാരണ നടപടി നിർത്തിവയ്ക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം വിചാരണക്കോടതി തള്ളി. വിചാരണ നേരിടുന്ന 16 പ്രതികൾക്കെതിരെ നിലനിൽക്കുന്ന 4 കേസുകൾ ഒരുമിച്ചാക്കുന്ന നടപടിക്കായി കേസ് 30 വീണ്ടും പരിഗണിക്കും.

പ്രതിഭാഗം അഭിഭാഷകൻ ഹാജരാകാത്ത സാഹചര്യത്തിൽ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

English Summary:

Purogamana Kala Sahitya Sangham says it has no involvement in collecting money to Abhimanyu Endowment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com