കാഫിർ സ്ക്രീൻഷോട്ട്: പൊലീസിനെതിരെ കടുത്ത വിമർശനവുമായി യുഡിഎഫ്
Mail This Article
കോഴിക്കോട് ∙ വടകരയിലെ വിവാദമായ കാഫിർ കേസ് അന്വേഷണത്തിൽ പൊലീസിനെതിരെ വിമർശനം കടുപ്പിച്ച് യുഡിഎഫ്. വിവാദ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരെ തിരിച്ചറിഞ്ഞിട്ടും അവരെ സാക്ഷികളാക്കി സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നാണ് ആരോപണം. പൊലീസിന്റെ നിലപാടിനെതിരെ യുഡിഎഫ്, ആർഎംപി നേതൃത്വത്തിൽ 19നു വടകര റൂറൽ എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നു യുഡിഎഫ് പ്രഖ്യാപിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നത് 21നു ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ ചൂണ്ടിക്കാട്ടുന്നതും പരിഗണനയിലുണ്ട്. അതേസമയം, ഫെയ്സ്ബുക്കിന്റെയും വാട്സാപ്പിന്റെയും മറുപടി ലഭിക്കുന്നതുവരെ യഥാർഥ പ്രതികളെക്കുറിച്ചു വ്യക്തത വരുത്താനാകില്ലെന്നാണു പൊലീസ് നിലപാട്.
-
Also Read
കെ.സി. വേണുഗോപാൽ പിഎസി അധ്യക്ഷൻ
ഹൈക്കോടതിയിൽ പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സിപിഎം നേതാവ് സി.ഭാസ്കരൻ എംഎസ്എഫ് നേതാവ് പി.കെ.മുഹമ്മദ് കാസിമിനെതിരെ നൽകിയ പരാതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. തന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് തയാറാക്കിയതാണെന്നു പി.കെ.മുഹമ്മദ് കാസിം തവണ പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. പകരം യൂത്ത് ലീഗ് നെടുമ്പ്രമണ്ണ ശാഖ കമ്മിറ്റിയുടെ പരാതിക്കൊപ്പം കാസിമിന്റെ പരാതി കൂട്ടിച്ചേർക്കുകയായിരുന്നു. സിഐ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയുള്ളവർക്കു കാസിം പരാതി നൽകിയിട്ടും കേസെടുക്കാനോ എഫ്ഐആർ ഇടാനോ പൊലീസ് തയാറായില്ല. ഒരു മാസത്തോളം പൊലീസ് നടപടി കാത്തിരുന്ന ശേഷമാണു കാസിം ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിനു പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം.
ഹൈക്കോടതി ആവശ്യപ്പെട്ടതിനെത്തുടർന്നാണു പൊലീസ് ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് സമയം നീട്ടി ചോദിച്ചു. പകരം അന്വേഷണ റിപ്പോർട്ടാണു സമർപ്പിച്ചത്. ഈ റിപ്പോർട്ടിൽ ഇതുവരെയുള്ള അന്വേഷണം ഇടതു സൈബർ ഗ്രൂപ്പുകളിൽ എത്തിനിൽക്കുന്നതായാണു വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരെയെല്ലാം സാക്ഷികളാക്കിയാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
പോസ്റ്റ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത മുൻ എംഎൽഎ കെ.കെ.ലതികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവർക്ക് എവിടെ നിന്നാണു പോസ്റ്റ് ലഭ്യമായത് എന്നതു സംബന്ധിച്ചു പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടില്ല. ലതികയുടെ മൊഴി രേഖപ്പെടുത്തി എന്നു മാത്രമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇടതു ഗ്രൂപ്പുകളുടെ അഡ്മിൻമാർ സ്ക്രീൻഷോട്ടിന്റെ ഉറവിടം സംബന്ധിച്ചു വെളിപ്പെടുത്താൻ തയാറാകാത്തതു കൊണ്ട് ഫോൺ പിടിച്ചെടുത്തു പരിശോധനയ്ക്ക് അയച്ചു എന്നും പറയുന്നുണ്ട്. ഉറവിടം വെളിപ്പെടുത്താൻ തയാറാകാത്തവരെയും സംരക്ഷിക്കുന്ന നിലപാടാണു പൊലീസ് സ്വീകരിച്ചതെന്നാണ് ആരോപണം. മൊഴി രേഖപ്പെടുത്തിയ ഇടത് അഡ്മിൻമാരുടെ പേരു മാത്രമാണു പൊലീസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇവരുടെ മുഴുവൻ വിലാസം പൊലീസ് വ്യക്തമാക്കാത്തതും ഇവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നും യുഡിഎഫ് ആരോപിക്കുന്നു.
യൂത്ത് ലീഗിന്റെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസും സിപിഎം പരാതിയും ഒരേ കേസ് ആണെന്നും അന്വേഷണം കാര്യക്ഷമമായി നടക്കുന്നതിനാൽ കാസിമിന്റെ ഹർജി തള്ളണമെന്നുമാണു പൊലീസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 21നു ഹൈക്കോടതി വീണ്ടും കാസിമിന്റെ ഹർജി പരിഗണി ക്കുന്നുണ്ട്.
∙കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചയാളെ സംരക്ഷിക്കുമെന്ന ഡിവൈഎഫ്ഐയുടെ പ്രഖ്യാപനം നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. പ്രതികളെ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കണം. -വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്