ADVERTISEMENT

കോട്ടയം ∙ ജോലിത്തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ 6 മലയാളികളെ എംബസി രക്ഷപ്പെടുത്തി. മറ്റു 32 മലയാളികൾ കൂടി അതേ കമ്പനിയിൽ കുടുങ്ങിക്കിടക്കുന്നു. ഇവരെയും രക്ഷപ്പെടുത്താനുള്ള നടപടികൾ കംബോഡിയ സർക്കാരിന്റെ സഹായത്തോടെ ഇന്ത്യൻ എംബസി ആരംഭിച്ചു. മറ്റ് കമ്പനികളിലായി മലയാളികൾ ഉൾപ്പെടെ 372 ഇന്ത്യക്കാരും മോചനം കാത്ത് കഴിയുന്നതായാണ് വിവരം.

ഓൺലൈനിൽ വലവീശി സാമ്പത്തിക തട്ടിപ്പ് നടത്താനാണ് ഇവരെ ഉപയോഗിക്കുന്നത്. കേരളത്തിലുള്ളവരെ കണ്ടെത്തി തട്ടിപ്പ് നടത്താൻ കൂടുതലും മലയാളികളെത്തന്നെയാണ് ഉപയോഗിക്കുന്നത്. തൊഴിൽത്തട്ടിപ്പിന് ഇരയായ ശേഷം കംബോഡിയയിൽ നിന്നു രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയവരിലൂടെയാണ് തട്ടിപ്പുവിവരം പുറത്തായത്.

പുനലൂരിലുള്ള റിക്രൂട്ടിങ് ഏജൻസി മുഖേന ചെന്നൈ വഴി കംബോഡിയയിലെത്തിയവർക്ക് ഡേറ്റ എൻട്രി ജോലിയാണ് വാഗ്ദാനം ചെയ്തത്. ശമ്പളം 800 ഡോളർ. ഒരാഴ്ചത്തെ ട്രെയിനിങ് കഴിഞ്ഞതോടെയാണ് തട്ടിപ്പ് മനസ്സിലായത്. സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് സമൂഹ മാധ്യമങ്ങളിലുടെയും മാട്രിമോണിയൽ സൈറ്റുകളിലൂടെയും ആളുകളെ ചാറ്റ് ചെയ്ത് കെണിയിൽപ്പെടുത്തുകയായിരുന്നു ജോലി. 

വ്യാജ പ്രൊഫൈലുകൾ കമ്പനി നിർമിച്ചു നൽകും. ചാറ്റിലൂടെ പ്രലോഭിപ്പിച്ച് കമ്പനിയിലേക്ക് പണം നിക്ഷേപിപ്പിക്കണം. രാജിവച്ചു പോകാൻ പലരും സന്നദ്ധത അറിയിച്ചു. ഇതോടെ മുറിയിൽ പൂട്ടിയിട്ടും മറ്റും പീഡിപ്പിച്ചു. എതിർത്താൽ മർദിക്കും. ഇലക്ട്രിക് ഷോക്ക് വരെ ഏൽപിച്ചതായി കബളിപ്പിക്കപ്പെട്ടവർ പറയുന്നു. ചൈന ആസ്ഥാനമായ ഒരു കമ്പനിയിൽ ഉണ്ടായിരുന്ന 38 മലയാളികളിൽ നിന്ന് 6 പേരാണ് കഴിഞ്ഞയാഴ്ചയിൽ രക്ഷപ്പെട്ട് നാട്ടിലെത്തിയത്.

ഉത്തരേന്ത്യക്കാർ ഉൾപ്പെടെ ഏകദേശം 372 പേർ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് എംബസിക്ക് ലഭിച്ച രഹസ്യ വിവരം. തട്ടിപ്പ് സംഘത്തിന്റെ മേധാവികളിൽ മലയാളികളുമുണ്ട്. ഒരു വർഷത്തെ കരാർ ജോലിയിൽ നിന്ന് 8 മാസത്തിനു ശേഷമാണ് പലർക്കും നാട്ടിലെത്താൻ കഴിഞ്ഞത്. ദിവസം 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വന്നു. കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നുമുള്ളവർ കംബോഡിയയിൽ ഇത്തരത്തിൽ കഴിയുന്നുണ്ടെന്നാണ് വിവരം.

English Summary:

six Malayalis trapped in Cambodia rescued

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com