ADVERTISEMENT

അടിമാലി ∙ കാട്ടാന ശല്യത്തിനെതിരെ നടപടി സ്വീകരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കീഴിലുള്ള എളംബ്ലാശേരി ഫോറസ്റ്റ് ചെക് പോസ്റ്റ് കെട്ടിടത്തിനുള്ളിൽ കയറി സമീപവാസിയായ യുവാവിന്റെ ആത്മഹത്യാശ്രമം. കഴിഞ്ഞ ദിവസം ചെക് പോസ്റ്റിന് സമീപം താമസിക്കുന്ന ചന്ദ്രിക പൊന്നപ്പന്റെ കുടിൽ കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. 

ആനക്കൂട്ടം എത്തിയ വിവരം ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കെട്ടിടത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ ഇവർ കൂട്ടാക്കിയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സോളമൻ (40) ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ആത്മഹത്യാ ഭീഷണിയുമായി ചെക്പോസ്റ്റ് കെട്ടിടത്തിൽ എത്തിയത്. 

പെട്രോൾ, ലൈറ്റർ എന്നിവയുമായി യുവാവ് കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചു. കാട്ടാനശല്യത്തെത്തുടർന്ന് കുടിലിൽ താമസിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കെട്ടിടത്തിൽ താമസിക്കാൻ വന്നതാണെന്നും തടസ്സം നിന്നാൽ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു നിലപാട്. ജീവനക്കാർ ആവശ്യം ചെവിക്കൊള്ളുന്നില്ലെന്നു ബോധ്യപ്പെട്ടതോടെ അവിടെ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടർ തുറന്നു വിടുകയും പെട്രോൾ ദോഹത്തൊഴിക്കുകയും ചെയ്തു. ഇതോടെ ജീവനക്കാർ പുറത്തേക്ക് ഓടി. 

കാട്ടാന തകർത്ത വീടിന് നഷ്ടപരിഹാരം നൽകും, വനസംരക്ഷണ സമിതി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വനംവകുപ്പ് ചെക്പോസ്റ്റ് വനാതിർത്തിയിലേക്കു മാറ്റും, എളംബ്ലാശേരി മേഖലയിൽ ആർആർടി സേവനം ലഭ്യമാക്കും എന്നീ ആവശ്യങ്ങൾ അംഗീകരിച്ചതോടെ പ്രശ്നം പരിഹരിച്ചു. 

English Summary:

Suicide attempt for not taking action against wild elephants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com